
ലഖ്നൗ : ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സാമൂഹ്യ മാധ്യമ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊലീസ് യൂണിഫോമിൽ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ഇന്‍സ്റ്റാഗ്രാം റീൽസ് എന്നിവ ചിത്രീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിലക്കിയുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇന്‍റലിജൻസ് വിഭാഗത്തിലെ പൊലീസുകാർ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും പൊലീസ് മേധാവി ഡിഎസ് ചൗഹാൻ പുറത്തിറക്കിയ സോഷ്യൽ മീഡിയ നയത്തില്‍ പറയുന്നു.
സർക്കാരിനെയോ, സർക്കാർ തീരുമാനങ്ങളെയോ രാഷ്ട്രീയപാർട്ടികളെയോ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതിനും പൊലീസുകാര്‍ക്ക് വിലക്കുണ്ട്. ഔദ്യോഗിക രേഖകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്നതിനും ആക്ഷേപകരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉത്തർപ്രദേശ് പൊലീസ് പുറത്തിറക്കിയ പുതിയ സോഷ്യൽ മീഡിയ നയത്തില്‍ വ്യക്തമാക്കുന്നു.
'ഡ്യൂട്ടിക്ക് ശേഷവും പൊലീസിന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വീഡിയോകളോ റീലുകളോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. കോച്ചിംഗ് ക്ലാസുകൾ, പ്രഭാഷണങ്ങൾ, സമൂഹ മാധ്യമങ്ങളിലെ ലൈവ്, വെബിനാറുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് മുമ്പ് മേലുദ്യോഗസ്ഥരിൽ നിന്ന് അനുമതി വാങ്ങാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്'- പൊലീസ് മേധാവി ഡിഎസ് ചൗഹാൻ വ്യക്തമാക്കി.
സർക്കാരിൽ നിന്ന് മുൻകൂർ അനുമതിയില്ലാതെ സർക്കാർ, വ്യക്തിഗത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പണം സ്വീകരിക്കരുത്. ഔദ്യോഗികവും വ്യക്തിപരവുമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്ത്രീകളുടെയും പട്ടികജാതി/പട്ടികവർഗക്കാരുടെയും അന്തസ്സിനെ ബാധിക്കുന്നതോ അവരുടെ അന്തസ്സിനു വിരുദ്ധമായതോ ആയ ഒരു അഭിപ്രായവും പറയരുത്. പൊലീസ് ഉദ്യോഗസ്ഥർ വകുപ്പിൽ അതൃപ്തി പരത്തുന്ന പോസ്റ്റോ, ഫോട്ടോകളോ, വീഡിയോയോ ഔദ്യോഗികവും വ്യക്തിപരവുമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടരുത്. കൂടാതെ രാഷ്ട്രീയപരമായ പോസ്റ്റുകളോ അഭിപ്രായ പ്രകടനങ്ങളോ പാടില്ലെന്നും ഡിജിപി പുറത്തിറക്കിയ സോഷ്യൽ മീഡിയ നയത്തില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam