കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമബത്ത ഉടനില്ല; പ്രത്യേക അലവൻസുകളും മരവിപ്പിക്കും

Published : Apr 17, 2020, 06:39 AM ISTUpdated : Apr 17, 2020, 07:30 AM IST
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമബത്ത ഉടനില്ല;  പ്രത്യേക അലവൻസുകളും മരവിപ്പിക്കും

Synopsis

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17ൽ നിന്ന് 21 ശതമാനമായി കൂട്ടാൻ മാര്‍ച്ച് 13ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. 

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച നാല് ശതമാനം അധിക ക്ഷാമബത്ത ഉടൻ നൽകില്ല. ഇതിനായി ഉത്തരവിറക്കുന്നത് കേന്ദ്രം വൈകിപ്പിക്കും. കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ പ്രതീക്ഷിക്കണം എന്ന മുന്നറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും നൽകി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17ൽ നിന്ന് 21 ശതമാനമായി കൂട്ടാൻ മാര്‍ച്ച് 13ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് കൂടുതൽ പണം നീക്കിവെക്കേണ്ട സാഹചര്യത്തിൽ ഈ തീരുമാനം തൽക്കാലം മരവിപ്പിക്കും. ക്ഷാമബത്ത കൂട്ടാൻ തീരുമാനിച്ചെങ്കിലും അതിനായുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊവിഡ് കാലത്തിന് ശേഷമേ പ്രതീക്ഷിക്കേണ്ടതുള്ളു. 

ഇപ്പോൾ ശമ്പളത്തോടൊപ്പം കിട്ടുന്ന സ്ഥിര അലവൻസുകളിൽ മാറ്റമില്ല. എന്നാൽ സ്ഥിര അലവൻസിന് പുറമെയുള്ള പ്രത്യേക
അലവൻസുകളും കുറച്ചുകാലത്തേക്ക് നൽകില്ല. ഇക്കാര്യം അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും കത്തയച്ചു. മന്ത്രാലയങ്ങൾ വാര്‍ഷിക ബജറ്റിൽ അഞ്ച് ശതമാനം വീതം മാത്രമെ ഏപ്രിൽ, മെയ്, ജൂണ്‍ മാസങ്ങളിൽ ചിലവാക്കാൻ പാടുള്ളു. 

സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ ഒരു പദ്ധതിക്കും മുൻകൂര്‍ തുകകൾ നൽകരുത്. 20 കോടി രൂപയിൽ കൂടുതലുള്ള ചെലവുകൾക്ക് പ്രത്യേക അനുമതി വാങ്ങണം. ഇതിലും കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധനമന്ത്രാലയത്തിന്‍റെ കത്ത്.


PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം