
ചെന്നൈ: ആന്ധ്രാപ്രദേശിൽ നിന്ന് ചെന്നൈയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന നാലംഗ സംഘം പിടിയിലായി. സംശയിക്കാതിരിക്കാൻ കുടുംബാംഗങ്ങളെ പോലെ പെരുമാറുകയും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്ന ഇവരെ ഒരു ഫോൺ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഒരു ഇരട്ടപ്പേരും മാത്രം പിന്തുടർന്നാണ് പൊലീസ് കുടുക്കിയത്. ആദ്യ പരിശോധനയിൽ തന്നെ 21 കിലോഗ്രാം കഞ്ചാവ് തിരുവന്മിയൂർ ബസ് സ്റ്റാൻഡിൽ നിന്ന് മാത്രം കണ്ടെടുത്തു.
നേരത്തെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപത്തെ പ്രദേശങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന ഒരാളെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന് ശേഷം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ ആദിത്യൻ എന്ന് വിളിക്കുന്ന ഹരീഷ് എന്ന 23കാരൻ പൊലീസിന്റെ കൈയിൽ അകപ്പെട്ടു. ഇയാളെ ചോദ്യം ചെയ്തെങ്കിലും എവിടെ നിന്നാണ് ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതെന്ന് വെളിപ്പെടുത്തിയില്ല. ഒടുവിൽ 'സിത്താപ്പു' എന്നൊരു ഇരട്ടപ്പേരും ഫോൺ നമ്പറിന്റെ അവസാന അക്കങ്ങളായ 532ഉം ഇയാൾ വെളിപ്പെടുത്തി.
ടവർ വിവരങ്ങളും ഫോൺ കോളുകളും ലിസ്റ്റുമൊക്കെ പരിശോധിച്ച് പൊലീസ് ഈ നമ്പറിന്റെ ഉടമയായ ലഹരിക്കടത്തുകാരനെ കണ്ടെത്തി നിരീക്ഷിക്കാൻ തുടങ്ങി. ഒടുവിൽ മാധവരത്തു നിന്ന് ഇയാൾ വിശാഖപട്ടണത്തേക്ക് നീങ്ങുന്നത് പൊലീസ് മനസിലാക്കി. ഒരു ദീർഘദൂര ബസിലാണ് യാത്രയെന്നും കണ്ടെത്തി. സംശയിച്ച ബസ് തടഞ്ഞ് പൊലീസ് ഈ സിത്താപ്പുവിനെ പിടികൂടി. മുരുകേശൻ എന്നായിരുന്നു യഥാർത്ഥ പേര്. മറ്റ് അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലാവുമ്പോഴും നാല് കിലോ കഞ്ചാവ് ഇയാളുടെ പക്കലുണ്ടായിരുന്നു.
ഇതിനിടെയാണ് ബസ് കണ്ടക്ടർ പൊലീസിനോട് നിർണായകമായ ഒരു വെളിപ്പെടുത്തൽ നടത്തിയത്. മുരുകേശനോടൊപ്പം രണ്ട് സ്ത്രീകളും ഉണ്ടായിരുന്നെന്നും അവർ മറ്റൊരു ബസിൽ കയറിയെന്നും. ഉടൻ തന്നെ പൊലീസ് ഈ സ്ത്രീകളെയും പിന്തുടർന്ന് വലയിലാക്കി. തെലങ്കാന സ്വദേശികളായ ബേബി (36), പൂജ (20) എന്നിവരാണ് പിടിയിലായത്. ഇവർ കുടുംബാംഗങ്ങളെന്ന വ്യാജേന ഒരുമിച്ച് സഞ്ചരിച്ച് ലഹരിക്കടത്ത് നടത്തുകയായിരുന്നു രീതിയെന്ന് പൊലീസ് കണ്ടെത്തി.
ആന്ധ്രയിൽ നിന്നും ഒഡിഷയിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കൾ ട്രെയിനിൽ ചെന്നൈയിൽ എത്തിച്ചിട്ടുണ്ടെന്നും വ്യക്തമായി. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ വെച്ച് പരിശോധനകളിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ചെറിയ സ്റ്റേഷനുളിൽ ട്രെയിൻ വേഗത കുറയ്ക്കുമ്പോൾ അവിടെ കാത്തുനിൽക്കുന്ന സംഘാംഗങ്ങൾക്ക് ലഹരി വസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നതായിരുന്നത്രെ ഇവരുടെ രീതി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ നാല് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം