ദില്ലി: റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കേണ്ട നിശ്ചലദൃശ്യങ്ങളുടെ പട്ടികയിൽ കേരളം ഇല്ല. കേരളം നൽകിയ മാതൃകയിൽ മുന്നിൽ സ്ത്രീസുരക്ഷ പ്രമേയമാക്കിയുള്ള കവാടം ഉൾപ്പെടുത്തിയത് കേന്ദ്രസമിതി എതിർത്തു. ആദി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിനു പകരം ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയുള്ള സ്കെച്ച് കേരളം നൽകിയെങ്കിലും കേരളം അംഗീകാരം നിഷേധിച്ചു.
റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജടായുപ്പാറയുടെ സ്കെച്ചാണ് കേരളം നൽകിയത്. ടൂറിസമാണ് പ്രധാന വിഷയമായി നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്‍റെ മാതൃകയാണ് തർക്കത്തിന് ഇടയാക്കിയത്.
ജടായുവിന്‍റെ മുറിഞ്ഞ ചിറകിന്‍റെ മാതൃകയാണ് കവാടത്തിന്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം കൂടി ഇതിലുണ്ടെന്ന വിശദീകരണവും നൽകി. എന്നാൽ അത്തരമൊരു വിഷയം ഉൾപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കി.
പകരം ആദ്യ ഭാഗത്ത് ആദി ശങ്കരാചാര്യരുടെ പ്രതിമ ആയിക്കൂടേ എന്നും ചോദിച്ചു. ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താം എന്ന് കേരളം പ്രതികരിച്ചു. ആദ്യ സ്കെച്ച് മാറ്റി ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ചേർത്ത് മറ്റൊരു മാതൃക കേരളം നൽകി. മുന്നിലെ ട്രാക്ടറിൽ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയിൽ ജടായുപ്പാറ. ഇതായിരുന്നു ഒടുവിൽ നൽകിയ മാതൃക. ഇതംഗീകരിക്കാം എന്ന സൂചന സമിതി നൽകിയിരുന്നു.
എന്നാൽ അവസാന പന്ത്രണ്ട് സംസ്ഥാനങ്ങളുടെ പട്ടിക വന്നപ്പോൾ കേരളം ഇല്ല. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്‍ഗഢ് എന്നിവയാണ് പട്ടികയിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. കഴിഞ്ഞ വർഷം കയർ വിഷയമാക്കിയുള്ള കേരളത്തിന്‍റെ നിശ്ചലദൃശ്യം പരേഡിലുണ്ടായിരുന്നു.
2019-ലും 2020-ലും കേരളത്തിന്‍റെ നിശ്ചലദൃശ്യങ്ങൾ കേന്ദ്രം തള്ളിയിരുന്നു. തെയ്യത്തിന്‍റെയും കലാമണ്ഡലത്തിന്‍റെയും ചിത്രങ്ങളാണ് 2020-ൽ കേരളം സമർപ്പിച്ചത്. അന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യങ്ങൾ തള്ളിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അന്നത്തെ സാംസ്കാരികമന്ത്രി കൂടിയായ എ കെ ബാലൻ ആരോപിച്ചിരുന്നു. അന്ന് പൗരത്വനിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തെ തള്ളിക്കളയുകയായിരുന്നു കേന്ദ്രമെന്നായിരുന്നു സിപിഎം കേന്ദ്രങ്ങൾ പൊതുവേ ആരോപിച്ചത്.
2020-ൽ കേരളം സമർപ്പിച്ച ടാബ്ലോ രൂപരേഖ ഇങ്ങനെയായിരുന്നു.
''കായലും, കഥകളിയും മോഹിനിയാട്ടവും കളരിപ്പയറ്റും തെയ്യവും കലാമണ്ഡലവും കാണിക്കുന്നതിൽ എന്താണ് തെറ്റ്? എന്താണ് ഈ രാജ്യത്ത് നടക്കുന്നത്?'', അന്ന് മന്ത്രി എ കെ ബാലൻ ചോദിച്ചു.
കഴിഞ്ഞ തവണ കേരളത്തിന്‍റെ നിശ്ചലദൃശ്യം ഇതായിരുന്നു, വീഡിയോ കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam