
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സന്യാസിമാർ ഉൾപ്പെട്ടിട്ടില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വിഷയം ഉന്നയിച്ചു സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഉത്തർ പ്രദേശിനെ അപകീർത്തിപ്പെടുത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
സംഭാവനക്കൊള്ള കേസിന്റെ എസ്‌ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഏതെങ്കിലും സന്യാസിമാരുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ടാണ് പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും ഈ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇത് അംബേദ്കറെ അപമാനിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അധികാരത്തിലുള്ളപ്പോൾ സമാജ്‍വാദി പാർട്ടി അയോധ്യയെ അപമാനിച്ചിരുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു. അയോധ്യ ധാമിലെ തെരുവുകളും സരയൂ നദിയുടെ പവിത്രമായൊഴുക്കും ചോരയിൽ കുളിപ്പിക്കുന്ന പാപം ചെയ്തത് സമാജ്‌വാദി പാർട്ടി സർക്കാരാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ഉണ്ടായിരുന്നോ എന്ന് ചോദ്യംചെയ്തിരുന്നവർ ഇപ്പോൾ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു. സംസ്ഥാനത്തിൻ്റെ പ്രതിച്ഛായ തകർക്കാൻ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും സംയുക്തമായി ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
നിയമസഭയിലെ ചർച്ചകളിൽ പങ്കെടുക്കാതെ പ്രതിപക്ഷം സഭാ നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു. സമാജ്‍വാദി പാർട്ടിയുടെ പെരുമാറ്റം ഭരണഘടനാവിരുദ്ധമാണെന്നും നാണക്കേടാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള നിയമസഭയിൽ ഉന്നയിക്കുമെന്ന പ്രതിപക്ഷ നിലപാടിനെതിരെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 27ന് സംഭാവനക്കൊള്ളയിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഉത്തർ പ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam