പ്ലാസ്മ തെറാപ്പിക്ക് ശാസ്ത്രീയ അടിത്തറയില്ല; ഇങ്ങിനെ ഒരു ചികിത്സ നിലവിലില്ലെന്നും കേന്ദ്ര സർക്കാർ

By Web TeamFirst Published Apr 28, 2020, 6:14 PM IST
Highlights

ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും പ്ലാസ്മ തെറാപ്പിക്കായുള്ള പരീക്ഷണം മാത്രമാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: കൊവിഡിനെതിരെ പ്ലാസ്മ തെറാപ്പി വിജയകരമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ഇങ്ങിനെയൊരു ചികിത്സ നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും പ്ലാസ്മ തെറാപ്പിക്കായുള്ള പരീക്ഷണം മാത്രമാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഇന്ന് നടത്തിയ കൊവിഡ് അവലോകന വാർത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രാലയം ഇതേക്കുറിച്ച് വ്യക്തത വരുത്തിയത്. പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല. അനുമതിയില്ലാതെ ആരും പ്ലാസ്മ തെറാപ്പി പരീക്ഷിക്കരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മെഡിക്കൽ ട്രയലിനുള്ള മാർഗരേഖ എല്ലാവരും പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

കൊവിഡ് രോഗികളുടെ ചികിത്സക്കായി പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ 99 സ്ഥാപനങ്ങൾ തയ്യാറായിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നേരത്തെ അറിയിച്ചിരുന്നു. പ്ലാസ്മ തെറാപ്പി പരീക്ഷണാടിസ്ഥാനത്തിൽ നടത്താൻ  ഡ്രഗ്‌ കൺട്രോളർ ജനറൽ ഇന്ത്യ നേരത്തെ അനുമതി നൽയിരുന്നു.

കൊവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന ആളിൽ നിന്നാണ് പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തിൽ ശേഖരിക്കുന്നത്. ഇവരിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തിൽ രോഗികളിൽ പ്രയോഗിക്കുന്നതിന് സ്ഥാപനങ്ങൾ എത്തിക്സ് കമ്മിറ്റിയുടെ അനുവാദം തേടിയിരിക്കണം. പ്ലാസ്മാ തെറാപ്പി പരീക്ഷിക്കാൻ പോകുന്ന ഓരോ സ്ഥാപനവും അതാതിടത്തെ എത്തിക്സ് കമ്മിറ്റി മുഖേന പ്രാദേശികമായി എത്തിക്സ് ക്ലിയറൻസ് നേടേണ്ടതുണ്ടെന്നും ഐസിഎംആർ നേരത്തെ അറിയിച്ചിരുന്നു.

click me!