
ദില്ലി: ഒക്ടോബർ രണ്ടിന് നടത്താനിരുന്ന 'നോ യുപിഐ ഡേ' (No UPI Day) പ്രതിഷേധത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി. ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്സ് അസോസിയേഷനും ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനും ആണ് സമരത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി വ്യാപാര പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആണ് മൊബൈൽ റീട്ടെയിലർമാരുടെ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പുതിയ നിരക്ക് ചെറുകിട വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെന്നാണ് പരാതി. ബിജെപി എംപിയും സിഎഐടി ജനറൽ സെക്രട്ടറിയുമായ പ്രവീൺ ഖണ്ഡേൽവാൾ, എഐഎംആർഎ ഫൗണ്ടർ ചെയർമാൻ കൈലാഷ് ലഖിയാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ധനമന്ത്രിക്ക് സംയുക്ത നിവേദനം സമർപ്പിച്ചത്. എംഡിആർ നടപ്പിലാക്കുന്നത് നീട്ടിവെക്കുക, ഘട്ടം ഘട്ടമായി നടപ്പിലാക്കുക, തുകയുടെ പരിധിയിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സംഘം മുന്നോട്ടുവെച്ചു.
വ്യാപാരികൾ തമ്മിലുള്ള ഇടപാടുകളെ എംഡിആറിൽ നിന്ന് ഒഴിവാക്കണമെന്നും റീട്ടെയിൽ, വിതരണ മേഖലയിലെ ആശങ്കകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഉടനടി 0.40 ശതമാനം എംഡിആർ ചുമത്തുന്നതിന് പകരം, ആദ്യ ഘട്ടത്തിൽ ഇത് 0.20 ശതമാനമായി തുടങ്ങണമെന്നും പിന്നീട് പ്രതിവർഷം 0.05 ശതമാനം വീതം വർധിപ്പിച്ച് 0.40 ശതമാനത്തിൽ എത്തിക്കണമെന്നുമാണ് പ്രതിനിധി സംഘം നിർദേശിച്ചത്. വ്യാപാരികളുടെ ആശങ്കകൾ കേട്ട ധനമന്ത്രി നിർമല സീതാരാമൻ, പരിഹാരം കണ്ടെത്താമെന്ന് ഉറപ്പു നൽകിയെന്നും ഇതിനെ തുടർന്നാണ് ഒക്ടോബർ 2-ലെ സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്നും അസോസിയേഷനുകൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam