ഒരു വിദ്യാര്‍ത്ഥി പോലും വിജയിക്കാത്ത 63 സ്കൂളുകള്‍; ഗുജറാത്തിലെ പരീക്ഷാ ഫലം ഞെട്ടിക്കുന്നത്

By Web TeamFirst Published May 22, 2019, 8:03 PM IST
Highlights

പരീക്ഷയെഴുതിയതില്‍ 66.97 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞവര്‍ഷം 67.5 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.

അഹമ്മദാബാദ്: പരീക്ഷാ ഫലം വരുമ്പോള്‍ വിജയവും പരാജയവും ഒക്കെയുണ്ടാവുന്നത് സ്വഭാവികമാണ്. എന്നാല്‍ ഒരു കുട്ടി പോലും വിജയിക്കാത്ത ഒരു സ്കൂള്‍ എന്നത് ചിലര്‍ക്കെങ്കിലും ഒരു അതിശയോക്തി മാത്രമായി തോന്നും. എന്നാല്‍ ഇന്നലെ പുറത്തുവന്ന ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷാ ഫലത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഒരുപക്ഷേ നിങ്ങള്‍ ഞെട്ടിയേക്കാം. ഗുജറാത്തിലെ 63  സ്കൂളുകളില്‍ ഒരു കുട്ടി പോലും വിജയിച്ചിട്ടില്ല. പരീക്ഷയെഴുതിയതില്‍ 66.97 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞവര്‍ഷം 67.5 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. 72.64 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 62.83 ആണ്‍കുട്ടികള്‍ ആണ് വിജയിച്ചത്.

പരീക്ഷ എഴുതിയ 8,22,823 കുട്ടികളില്‍ 5,51,023 കുട്ടികള്‍ വിജയിച്ചെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എ ജെ  ഷാ പ്രസ്കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. 366 സ്കൂളുകള്‍ 100 ശതമാനം വിജയം സ്വന്തമാക്കി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. ഇംഗ്ലീഷ് മീഡിയത്തില്‍ 88.11 ആണ് വിജയശതമാനം. ഹിന്ദി മീഡിയത്തില്‍ നിന്നുള്ള 72.64 വിദ്യാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ഗുജറാത്തി മീഡിയത്തില്‍ പരീക്ഷയെഴുതിയ  64.58 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് വിജയിക്കാനായത്.

click me!