എംപിമാര്‍ക്ക് സമ്മാനമായി ഫോണ്‍ നല്‍കിയതിന് നോട്ടീസ്; ആദായ നികുതി വകുപ്പിനെതിരെ ഡി കെ ശിവകുമാര്‍

By Web TeamFirst Published Oct 28, 2019, 2:31 PM IST
Highlights
  • എംപിമാര്‍ക്ക് പുതിയ ഫോണ്‍ വാങ്ങി നല്‍കിയതിന് നോട്ടീസ് അയച്ച ആദായനികുതി വകുപ്പിനെതിരെ ഡി കെ ശിവകുമാര്‍.
  • ബിജെപി എംപിമാര്‍ക്ക് ഉള്‍പ്പെടെ ഫോണ്‍ നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബെഗളൂരു: എംപിമാര്‍ക്ക് സമ്മാനമായി ഫോണ്‍ നല്‍കിയതിന് നോട്ടീസ് അയച്ച ആദായ നികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. ബിജെപി എംപിമാര്‍ക്ക് ഉള്‍പ്പെടെ ഫോണ്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ഫോണ്‍ ലഭിച്ചവര്‍ക്ക് നോട്ടീസ് അയച്ചില്ലെന്നും ശിവകുമാര്‍ പറ‍ഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

മന്ത്രിയായിരിക്കെ ചിലര്‍ പുതിയ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടു. അത് നല്‍കിയ ഉടന്‍ ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചെന്നും സ്വന്തം അക്കൗണ്ടില്‍ നിന്നും പണം ചെലവാക്കിയാണ് ഫോണ്‍ വാങ്ങി നല്‍കിയതെന്നും ശിവകുമാര്‍ പറഞ്ഞു. തന്‍റെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കുകയാണെന്നതിന് ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയാണ് ശിവകുമാറിന് കോടതി ജാമ്യം അനുവദിച്ചത്. ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന ശിവകുമാറിന്‍റെ ജാമ്യാപേക്ഷ വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

click me!