
ശ്രീനഗർ: സർക്കാർ ഉദ്യോഗസ്ഥനെ പൊതുസ്ഥലത്ത് വെച്ച് മർദിച്ച ഡിഎസ്‌പിക്ക് സസ്പെൻഷൻ. ജമ്മു കശ്‌മീരിലെ ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസറായ അസർ ഖാനെ മർദിച്ച ഡിഎസ്‌പി സുനിൽ സിങിനെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ജമ്മു കശ്മീരിലെ ഗാന്ധിനഗറിൽ ട്രാഫിക് ബ്ലോക്കിൽ വെച്ചാണ് അസർ ഖാനെ സുനിൽ സിങ് മർദിച്ചത്.
അസർ ഖാൻ തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന വാഹനം വാനിൽ ഇടിച്ച് ഗാന്ധിനഗറിൽ വൻ ട്രാഫിക് കുരുക്കുണ്ടായി. ഈ സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഡിഎസ്‌പി രോഷാകുലനായി. അസർ ഖാനെ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് മർദിച്ചത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ സുനിൽ സിങിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കളും ജനങ്ങളും പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഇതോടെയാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജമ്മു കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ ജമ്മു കശ്മീർ അഡ്‌മിനിസ്ട്രേറ്റീവ് സർവീസസ് അസോസിയേഷനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ അതിശക്തമായി രംഗത്ത് വന്നത്. എന്നാൽ ഡിഎസ്‌പിക്കെതിരായ നടപടിക്ക് പിന്നാലെ അസർ ഖാൻ തെറ്റായ ദിശയിൽ വാഹനം ഓടിച്ചുവരുന്നതിൻ്റെ ദൃശ്യങ്ങളും പൊലീസും ഇയാളും തമ്മിൽ തർക്കം നടക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ അസർ ഖാനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam