അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

By Web TeamFirst Published Sep 18, 2019, 4:56 PM IST
Highlights

റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച 'ഹിന്ദുസ്ഥാൻ പൂർവോദയ 2019' എന്ന സ്വകാര്യ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. 

ദില്ലി: അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂ. രാജ്യത്തെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച 'ഹിന്ദുസ്ഥാൻ പൂർവോദയ 2019' എന്ന സ്വകാര്യ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. 

അർഹരായ നിരവധിപ്പേർ പട്ടികയിൽ നിന്ന് പുറത്തായെന്നും ബംഗാളി ഹിന്ദുക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും വ്യാപക പരാതികളുയർന്നതിനെത്തുടർന്ന്, അസം ബിജെപി വിഷയത്തിൽ നിയമനിർമാണത്തിനൊരുങ്ങുകയാണ്. ഇതിനിടയിലും ആ പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ ബിജെപി ഉപേക്ഷിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ ഈ പ്രഖ്യാപനം. 

അനധികൃത കുടിയേറ്റക്കാർ ചിതലുകളെപ്പോലെയാണ്', അഞ്ചു സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അമിത് ഷാ പറഞ്ഞതാണിത്. ഓരോ വിദേശിയേയും പുറത്താക്കും എന്നും അന്ന് ബിജെപി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. മൂന്നൂറ്റി എഴുപതാം അനുച്ഛേദം, രാമക്ഷേത്രനിർമ്മാണം, ഏകികൃത സിവിൽ നിയമം എന്നിവയ്ക്കൊപ്പം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത് ബിജെപിയുടെ അടിസ്ഥാനവിഷയമായി മാറി. രണ്ടു കോടി കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്നായിരുന്നു സർക്കാർ പാ‍ർലമെന്‍റിന് നേരത്തെ നൽകിയ കണക്ക്. 

എന്നാൽ അസം പൗരത്വ രജിസ്റ്ററിൽ ഒഴിവായത് 19 ലക്ഷം. ഇതിൽ മുസ്ലിംവിഭാഗം മൂന്നു ലക്ഷം മാത്രം. പട്ടികയ്‍ക്കെതിരെ ബിജെപി അസം ഘടകം തന്നെ രംഗത്തുവരികയാണ്. അനധികൃത കുടിയേറ്റക്കാർ പട്ടികയിൽ കടന്നുകൂടിയെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ആരോപണം.

തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ റജിസ്റ്ററിൽ. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയർത്തുകയാണ്. കൈ പൊള്ളിയിരിക്കുകയാണ് ബിജെപി. 

അസമിൽ ബിജെപി അധികാരത്തിൽ എത്തിയത് കുടിയേറ്റക്കാരോടുള്ള കോൺഗ്രസ് പ്രീണനം പ്രചരണായുധമാക്കിയാണ്. പട്ടികയിൽ നിന്ന് പുറത്തായവരിൽ എഴുപത്തിയഞ്ചു ശതമാനവും ഹിന്ദുക്കളാണെന്നിരിക്കെ പാർട്ടി വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാകുമോ എന്ന ഭയവും ബിജെപിക്കുണ്ട്. സംസ്ഥാന കോൺഗ്രസിന് ഇത് തിരിച്ചുവരവിന് പിടിവള്ളിയാകും.

പശ്ചിമബംഗാളിലും ബീഹാറിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ ഈ സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങൾ പുതിയ പശ്ചാത്തലത്തിൽ കണക്കെടുപ്പിന് അനുകൂലിച്ചേക്കില്ല. വിദേശികളെ കണ്ടെത്താൻ അസംമാതൃക രജിസ്റ്റർ രാജ്യത്താകെ വേണമെന്ന വാദത്തിനും അസം തിരിച്ചടിയാണ്.  

പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ. 

'ജമ്മു കശ്മീരിൽ ഇന്ത്യക്ക് ലോകത്തിന്‍റെ പിന്തുണ'

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയ്ക്ക് ഒപ്പമാണ് ലോകരാജ്യങ്ങളെല്ലാം എന്നും അമിത് ഷാ അവകാശപ്പെട്ടു. കശ്മീരിന്‍റെ വികസനത്തെ പിന്നോട്ടടിക്കുകയായിരുന്നു ആർട്ടിക്കിൾ 370 എന്നുപറഞ്ഞ അമിത് ഷാ, ഇനി കശ്മീർ വികസനത്തിന്‍റെ പാതയിലൂടെ, മറ്റ് സംസ്ഥാനങ്ങളെപ്പോലെത്തന്നെ നീങ്ങുമെന്നും വ്യക്തമാക്കി. 

''മുൻ കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള അടുത്ത രണ്ട് വർഷത്തേക്ക് കസ്റ്റഡിയിലായിരിക്കുമെന്ന് ആരെങ്കിലും പറഞ്ഞോ? തീർച്ചയായും അത്തരമൊരു നീക്കം സർക്കാർ ആലോചിക്കുന്നില്ല'', അമിത് ഷാ പറഞ്ഞു. 

ജമ്മു കശ്മീരിനെച്ചൊല്ലി ഇന്ത്യ - പാക് നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന വരുന്നത്. ഇന്ത്യയുമായി ഇനി ചർച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. 

ഇന്ന് രാവിലെ ഇതേ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. 70 വർഷം മുമ്പ് ഇന്ത്യയിലെ സർക്കാർ വരുത്തിയ ഒരു തെറ്റ് തിരുത്താനുള്ള ഇച്ഛാശക്തി ഈ സർക്കാരിന് മാത്രമേ ഉണ്ടായുള്ളൂ എന്നാണ് രവിശങ്കർ പ്രസാദ് പറ‌ഞ്ഞത്. 

''കശ്മീരിൽ മാത്രം സ്വാതന്ത്ര്യാനന്തരം കൊല്ലപ്പെട്ടത് 42,000 പേരാണ്. കശ്മീരി പണ്ഡിറ്റുകളെ പുറത്താക്കി. ഗുർജർമാർ, ബക്കർവാൾ എന്നീ എല്ലാ സമുദായക്കാർക്കുമുള്ള സംവരണം കശ്മീരിൽ മാത്രം ഇല്ലാതായി. അഴിമതി നിരോധനനിയമം, വിദ്യാഭ്യാസം അവകാശമാക്കിയ നിയമം, വിവരാവകാശനിയമം, ബാലവിവാഹനിരോധനനിയമം - ഇതൊന്നും കശ്മീരിന് മാത്രം ബാധകമായിരുന്നില്ല. ഇനി അതെല്ലാം കശ്മീരിനും ബാധകമാകും'', രവിശങ്കർ പ്രസാദ് പറഞ്ഞു. 

click me!