
ദില്ലി: തനിക്കെതിരെ വധഭീഷണിയുണ്ടെന്ന നൂപുർ ശർമയുടെ പരാതിയിൽ ദില്ലി പൊലീസ് കേസെടുത്തു. പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചെന്ന വിവാദത്തിന് പിന്നാലെ നൂപുർ ശർമയെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുർ ശർമ പരാതി നൽകിയത്. തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ പറഞ്ഞു. നൂപുർ ശർമയെ സസ്പെൻഡ് ചെയ്ത് ബിജെപി പുറത്തുവിട്ട കത്തിൽ അവരുടെ മേൽവിലാസമുണ്ടായിരുന്നു. ഈ കത്ത് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നൂപുർ ശർമ ട്വിറ്ററിൽ ക്ഷമാപണം നടത്തി. നൂപുർ ശർമയുടെ പ്രസ്താവനയെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് സംഭവം വിവാദമാകുന്നത്. ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തിയതോടെ ബിജെപി ഇവരെ സസ്പെൻഡ് ചെയ്തു. പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് നൂപുർ ശർമ പ്രകടിപ്പിച്ചതെന്നും ബിജെപി വിശദമാക്കി. വിവാദ പരാമർശത്തിൽ മറ്റൊരു നേതാവ് നവീൻകുമാർ ജിൻഡാലിനെയും സസ്പെൻഡ് ചെയ്തിരുന്നു. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങൾ പ്രസ്താവനയെ ശക്തമായി അപലപിച്ചു.
കാൺപുർ സംഘർഷത്തിൽ 40-ലധികം പേർക്ക് പരിക്കേൽക്കുകയും 1,500-ലധികം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഖത്തറും ബഹ്‌റൈനും ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി നിരാശ അറിയിച്ചു. ശർമ്മയ്‌ക്കെതിരായ ബിജെപിയുടെ നടപടിയെ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്തു.