അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.  ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തിൽ .. 

ദില്ലി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തിൽ നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണ കൊണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയിൽ ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ന് പാകിസ്ഥാനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാർലമെൻറിൽ പ്രമേയം കൊണ്ടു വന്നു. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തി. 

ഒഐസിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരു പോലെ ബഹുമാനമാണെന്ന് വ്യക്തമാക്കി. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം പറയുന്നു. 

പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ പോലുള്ള രാജ്യങ്ങൾ. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇവർ നിരോധിച്ചാൽ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

 ഗ്യാൻവാപി പോലുള്ള വിഷയങ്ങൾ ഇന്ത്യയിൽ സജീവമാകുമ്പോഴാണ് അറബ് ലോകം ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന നരേന്ദ്ര മോദി സർക്കാരിന് ഇപ്പോഴത്തെ സംഭവങ്ങൾ വലിയ സമ്മർദ്ദമാകുകയാണ്.

Read Also: 'മതഭ്രാന്തരെ മഹത്വവത്കരിക്കുന്ന പാകിസ്ഥാനെ പോലെ അല്ല ഞങ്ങൾ', ആ‌ഞ്ഞടിച്ച് ഇന്ത്യ

കേന്ദ്രസര്‍ക്കാരും ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലേക്ക്, നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

ഇന്ത്യക്കെതിരെ അറബ് രാഷ്ട്രങ്ങളില്‍ പ്രതിഷേധമുയരുമ്പോള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലേക്ക്. പ്രധാനമന്ത്രി കടുത്ത അതൃപ്തിയിലാണ്. മോദിയുടെ 8 വര്‍ഷത്തെ ഭരണത്തില്‍ ഭാരതമാതാവ് അപമാനഭാരത്താല്‍ തലകുനിച്ചെന്ന് മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

പാര്‍ട്ടി വക്താക്കളുണ്ടാക്കിയ പുകിലില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. നുപുര്‍ ശര്‍മ്മയുടെ വിവാദ പ്രസ്താവനയില്‍ കാണ്‍പൂരില്‍ സംഘര്‍ഷം ശക്തമായപ്പോള്‍ മിണ്ടാതിരുന്ന നേതൃത്വം അറബ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചതിന് ശേഷം മാത്രമാണ് ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം തുലാസിലാകും വിധം അറബ് രാഷ്ട്രങ്ങള്‍ ഒന്നിച്ചപ്പോള്‍ വക്താക്കള്‍ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടിയും വന്നു. 

അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാജ്യത്തിന്‍റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ച നടപടി കടുത്ത ക്ഷീണമായി. ലോക രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനും മോദിയുടെ ഭരണ നേട്ടങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാനുമായി അടുത്തിടെ പാര്‍ട്ടി തുടങ്ങി വച്ച ബിജെപിയെ അറിയുക എന്ന പ്രചാരണ പരിപാടിക്കും തിരിച്ചടിയായി. ചില വിദേശ രാജ്യ പ്രതിനിധികളുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ചര്‍ച്ച നടത്തി വരുമ്പോഴാണ് പാര്‍ട്ടി വക്താക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഇരുട്ടടിയായത്. 

പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചു. ഇന്ത്യ പെട്ടിരിക്കുന്ന ആപത്ത് പ്രധാനമന്ത്രിയും, ആര്‍എസ്എസും തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വക്താവ് പരവന്‍ ഖേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേ സമയം ബിജെപിയിലും രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വക്താക്കള്‍ക്കെതിരെ നേരത്തെ തന്നെ നടപടി വേണമായിരുന്നുവെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍, വക്താക്കളെ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ തള്ളിപ്പറഞ്ഞതിനെ സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. അതിര്‍ത്തി വിഷയത്തില്‍ ചൈനക്കും, യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യക്കും മുന്‍പില്‍ മുട്ടുമടക്കിയ ഇന്ത്യ ഇപ്പോള്‍ ദണ്ഡനമ്സ്കാരം ചെയ്തിരിക്കുകയാമെന്ന് വിദേശകാര്യ നയത്തെ വിമര്‍ശിച്ച് സ്വാമി പരിഹസിച്ചു. വിമര്‍ശനം കടുക്കുമ്പോള്‍ വക്താക്കള്‍ക്കടക്കം പെരുമാറ്റചട്ടം കൊണ്ടുവരുന്നതിനെ കുറിച്ച് ബിജെപി ആലോചന തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

Read Also: മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം, ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി; രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി