മൈസൂരു: റെംഡിസിവിറിന്റെ ഒഴിഞ്ഞ ചെറിയ മരുന്നുകുപ്പികളിൽ ഉപ്പുവെള്ളവും ആൻറിബയോട്ടിക്കുകളും നിറച്ച് വ്യാജ റെംഡെസിവിർ വിൽപ്പന നടത്തിയ നഴ്സ് അറസ്റ്റിൽ. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഗിർഷാണ് കർണാടക പൊലീസിന്റെ പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ, കൊവിഡിനെതിരെയുള്ള മരുന്നുകളുടെ കരിഞ്ചന്ത വിൽപനയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. റെംഡിസിവറിന്റെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവയെക്കുറിച്ച് വ്യക്തമായി വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും അതിനാലാണ് റെയ്ഡ് നടത്തിയതെന്നും മൈസൂരു പോലീസ് കമ്മീഷണർ ചന്ദ്രഗുപ്ത പറഞ്ഞു.
ഈ റാക്കറ്റിന് പിന്നിലെ സൂത്രധാരൻ നഴ്‌സ് ഗിർഷാണെന്ന് കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി. വിവിധ കമ്പനികളിൽ നിന്നുള്ള റെംഡിസിവിർ കുപ്പികൾ പുനരുപയോഗിക്കുകയും ആൻറിബയോട്ടിക്കുകളും ഉപ്പുവെള്ളവും നിറച്ച് വിപണനം നടത്തുകയും ചെയ്യുകയായിരുന്നു. 2020 മുതൽ ഇയാൾ ഇത് ചെയ്യുകയായിരുന്നുവെന്നും ഈ റാക്കറ്റിന്റെ പ്രവർത്തനങ്ങൾ എവിടെയാണെന്നും എവിടെയൊക്കെ ഈ വ്യാജമരുന്ന് വിൽപന നടത്തിയെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ താനും കൂട്ടാളികളും ഈ വിൽപന ചെയ്യുന്നുണ്ടെന്ന് ഗിർഷ് വെളിപ്പെടുത്തി. ഇയാളുടെ കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജെഎസ്‌എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു ഗിർഷ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam