
വികാരാബാദ്: പ്രണയവിവാഹത്തെ എതിർത്തതിലുള്ള വിരോധം തീർക്കാൻ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇരുപതുകാരിയായ നക്കല സുരേഖയാണ് അച്ഛനെയും അമ്മയെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്.
സുരേഖ കഴിഞ്ഞ കുറച്ചുനാളുകളായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ സുരേഖയുടെ മാതാപിതാക്കൾ ശക്തമായി എതിർത്തതാണ് പകയ്ക്ക് കാരണമായത്. വീട്ടിൽ ഇതിനെച്ചൊല്ലി മാസങ്ങളായി തർക്കങ്ങൾ പതിവായിരുന്നു. മാതാപിതാക്കൾ തന്റെ പ്രണയത്തിന് തടസ്സമാകുന്നു എന്ന് തോന്നിയതോടെ അവരെ ഇല്ലാതാക്കാൻ സുരേഖ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബിഎസ്സി നഴ്സിംഗ് ബിരുദധാരിയായ സുരേഖ, താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നാണ് കൊലപാതകത്തിനുള്ള മരുന്ന് മോഷ്ടിച്ചത്. ആശുപത്രിയിൽ നിന്നും 2.5 മില്ലിയുടെ 4 കുപ്പി വിഷമരുന്ന് സുരേഖ കൈക്കലാക്കി. ഇതിൽ അഞ്ച് മില്ലി വീതം മാതാപിതാക്കൾക്ക് കുത്തിവെച്ചു. അമ്മയ്ക്ക് മാംസപേശികളിലൂടെയും അച്ഛന് സിരകളിലൂടെയുമാണ് വിഷം നൽകിയത്. കുത്തിവെപ്പിന് പിന്നാലെ തളർന്നുവീണ മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടർമാരുടെ റിപ്പോർട്ടാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് സുരേഖയെ ചോദ്യം ചെയ്തു. പ്രണയത്തെ എതിർത്തതിലുള്ള കടുത്ത ദേഷ്യത്തിലാണ് ഈ കടുംകൈ ചെയ്തതെന്ന് പ്രതി സമ്മതിച്ചു.
ആശുപത്രിയിൽ നിന്ന് മരുന്നും സിറിഞ്ചും സംഘടിപ്പിച്ചതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. രണ്ട് കൊലപാതകങ്ങൾക്ക് കേസെടുത്ത പൊലീസ് സുരേഖയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലുള്ള യുവതിയുടെ ഫോൺ രേഖകളും മറ്റ് ബന്ധങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam