
ഭുവനേശ്വര്‍: ഒഡീഷയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാലുപേര്‍ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് ഒഡീഷയിലെ മാൽകൻഗിരി ജില്ലയിലാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. രണ്ടു തവണയാണ് കുട്ടി അതിക്രമത്തിനിരയായത്.
വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി വനമേഖലയിൽ കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. മാല്‍കൻഗിരി ടൗണിൽ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയിൽ വെച്ചായിരുന്നു പീഡനം. മൂന്നുപേരും മാറിമാറി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ പെണ്‍കുട്ടിയെ മകൻഗിരി ടൗണിന് സമീപത്ത് വെച്ച് ട്രക്ക് ഡ്രൈവര്‍ പീഡിപ്പിച്ചു.
പെണ്‍കുട്ടിയെ തടഞ്ഞുവെച്ച് ട്രക്ക് ഡ്രൈവര്‍ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. രണ്ടു സംഭവങ്ങളിലായി നാലുപേരാണ് അറസ്റ്റിലായത്. ആദ്യം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ മൂന്നുപേരെയും രണ്ടാമത് പീഡിപ്പിച്ച ട്രക്ക് ഡ്രൈവറെയും പിടികൂടി.
ആദ്യത്തെ പീഡനം വനമേഖലയിൽ വെച്ചാണെന്നും രണ്ടാമത്തെ സംഭവത്തിൽ ട്രക്ക് ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയപ്പോള്‍ തന്നെ ജനങ്ങള്‍ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും മാൽകൻഗിരി പൊലീസ് സൂപ്രണ്ട് വിനോദ് പാട്ടീൽ പറഞ്ഞു.
ഒഡീഷയിലെ ബാലസോറിൽ അധ്യാപകന്‍റെ പീഡനത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിയായ 20കാരി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഒഡീഷയിൽ വീണ്ടും പീഡന സംഭവം ഉണ്ടായത്.
അതേസമയം, ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിൽ 15കാരിയും പീഡനത്തിനിരയായി. ഹോക്കി ട്രെയിനി താരമായ 15കാരിയെ കോച്ചും രണ്ടു അനുയായികളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഈ മാസം ആദ്യം നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പെണ്‍കുട്ടി ജാജ്പുര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഹോക്ക് കോച്ചും രണ്ടു സഹായികളും അറസ്റ്റിലായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam