
ദില്ലി: അര്‍ദ്ധരാത്രിയില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്‍റെ വീടിന്‍റെ മതില്‍ ചാടിക്കടന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. റിപ്പബ്ലിക് ദിനമായ ഇന്ന് 28 സിബിഐ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി മെഡല്‍ സമ്മാനിക്കുന്നുണ്ട്. അതില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത പൊലീസ് ഡെപ്യൂട്ടി സൂപറിന്‍റന്‍റ് രാമസ്വാമി പാര്‍ത്ഥസാരഥിയും ഉള്‍പ്പെട്ടിട്ടുണ്ട്.
2019 ലാണ് ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. വിശിഷ്‌ട സേവനത്തിനാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കുന്നത്. ശാന്ത സ്വഭാവംകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം എന്നാല്‍ നിലപാടുകളില്‍ കര്‍ക്കശക്കാരനാണ്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതും പാര്‍ത്ഥസാര്‍ഥിയാണ്.
അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവില്‍ ഓഗസ്റ്റ് 21ന് രാത്രി പത്തുമണിയോടെ ചിദംബരത്തെ അദ്ദേഹത്തിന്റെ ജോർബാഗിലെ വീട്ടിൽ നിന്നാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.
"
സിബിഐ സംഘത്തിന്‍റെ പിടിയിലാവുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് രാത്രി എട്ടരയോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തിലേക്ക് ചിദംബരം എത്തിയത്. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് ചിദംബരം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വായിച്ചത്. പിന്നാലെ, സിബിഐ സംഘം തേടിയെത്തും മുമ്പ് കപില്‍ സിബലുമൊന്നിച്ച് ചിദംബരം കാറില്‍ അവിടംവിട്ടു. അക്ബര്‍ റോഡ് കടക്കും വരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിദംബരത്തിന് വലയം തീര്‍ത്തിരുന്നു.
എട്ടേമുക്കാലോടെ കപില്‍ സിബലും മനു അഭിഷേക് സിങ് വിക്കൊമൊപ്പം ചിദംബരം ജോര്‍ബാഗിലെ വീട്ടിലെത്തി. വീട്ടിലേക്ക് മടങ്ങിയ ചിദംബരത്തെ തേടി സിബിഐ ഉദ്യോഗസ്ഥരും അവിടെയെത്തി. ഗേറ്റ് പൂട്ടിയതിനാൽ, എന്‍ഫോഴ്സ്മെന്‍റ് സംഘം മതില്‍ ചാടിക്കടന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചതോടെ കസ്റ്റഡി നടപടികളാരംഭിച്ചു. ചിദംബരത്തിന്‍റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ വന്‍ സംരക്ഷണ വലയമാണ് പൊലീസ് തീർത്തത്. ചിദംബരത്തിനെതിരെ 'കള്ളൻ, കള്ളൻ' എന്ന മുദ്രാവാക്യം വിളിയായിരുന്നു ഒരിടത്ത്. യൂത്ത് കോൺഗ്രസ് സംഘത്തിന്‍റെ പ്രതിഷേധം മറുവശത്ത്. വീടിന് പുറത്ത് നേരിയ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam