
ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികൾ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ എണ്ണ കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് മേഖലയിലുള്ള കപ്പലുകൾക്ക് കർശനമായ സന്ദേശം നൽകി. ആഗോള എണ്ണ വ്യാപാരത്തിന്‍റെ സിരയായ ഹോർമുസ് അടച്ചത് ലോക വിപണിയെ വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിയിലാക്കും.
ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇറാൻ നടത്തുന്ന "ട്രൂ പ്രോമിസ് 4" എന്ന സൈനിക നീക്കത്തിൽ 14 അമേരിക്കൻ സൈനിക താവളങ്ങൾ തകർത്തതായി തസ്‌നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പേർഷ്യൻ ഗൾഫിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ എംഎസ്ടി (Maritime Strike Tomahawk) വിഭാഗത്തിൽപ്പെട്ട വമ്പൻ യുദ്ധക്കപ്പലിന് നേരെ ഐആർജിസി നേവി മിസൈൽ ആക്രമണം നടത്തി. കപ്പലിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ മറ്റ് അമേരിക്കൻ നാവിക ആസ്തികളും തങ്ങളുടെ ഡ്രോണുകളുടെയും മിസൈലുകളുടെയും പരിധിയിലാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്‍റെ പ്രത്യാക്രമണത്തിൽ ദുബായ് വിമാനത്താവളം, ബുർജ് അൽ അറബ് ഹോട്ടൽ, പാം ജുമൈറ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ, കുവൈറ്റിലെയും സൗദി അറേബ്യയിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നതായി സൂചനയുണ്ട്. ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാൻ സൈന്യം അതിന്‍റെ സർവ്വസന്നാഹങ്ങളുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യ ഒന്നടങ്കം ഒരു വൻ യുദ്ധത്തിന്റെ നിഴലിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam