
ദില്ലി: ബംഗാളിൽ അവസാന ഘട്ട പോളിങ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം. ഡീലർമാർക്കുള്ള സ്റ്റോക്കിൽ നിയന്ത്രണം കടുപ്പിച്ച് എണ്ണക്കമ്പനികൾ നിർദേശം നൽകിയതോടെയാണ് വിലക്കയറ്റ ഭീതി ഉയർന്നത്. എന്നാൽ, ആവശ്യത്തിന് വിതരണം നടത്താത്ത ഡീലർമാരുടെ സ്റ്റോക്കിലാണ് നിയന്ത്രണം കടുപ്പിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. രണ്ടു ദിവസത്തേക്കുള്ള ഇന്ധനം സ്റ്റോക്ക് ചെയ്താൽ മതിയെന്നും ഉദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രം ടാങ്ക് ട്രക്കുകൾ ടെർമിനലുകളിലേക്ക് അയച്ചാൽ മതിയെന്നുമാണ് ഡീലർമാർക്കുള്ള നിർദ്ദേശമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പമ്പുകൾക്ക് രണ്ടു ദിവസം കൂടുമ്പോൾ മാത്രമാണ് ഒരോ ലോഡ് ഇന്ധനം നൽകുന്നതെന്നും പറയുന്നു. വിലകൂടുമ്പോൾ ഡീലർമാർ സ്റ്റോക്കിൽ വർധന വരുത്തി അമിത ലാഭമെടുക്കാതിരിക്കാനുള്ള നടപടിയായിട്ടാണ് ഈ നടപടിയെ വിലയിരുത്തുന്നത്. എന്നാൽ വിതരണം കുറയ്ക്കുന്നത് പമ്പുകളിൽ ഇന്ധനക്ഷാമത്തിനു കാരണമാകും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യത്തിന് എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴാണ് ഈ നടപടിയെന്നും ശ്രദ്ധേയം.
ഒഡിഷയിൽ ഒരു ഉപഭോക്താവിന് 50 ലിറ്ററിൽ കൂടുതൽ പെട്രോളും 500 ലിറ്ററിൽ കൂടുതൽ ഹൈ സ്പീഡ് ഡീസലും (HSD) വിൽക്കരുതെന്ന് ഇന്ധന പമ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം കർശനമായി പാലിക്കാനും നിർദേശം നൽകി. പെട്രോൾ പമ്പുകളിൽ നിന്ന് ഡീസൽ വൻതോതിൽ വാങ്ങാനുള്ള വ്യവസായങ്ങളുടെ ശ്രമങ്ങളെ തടയുന്നതിനായി എണ്ണക്കമ്പനികൾ ഇന്ധന വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ, വ്യാവസായിക ഡീസലിന് ലിറ്ററിന് വാണിജ്യ ഡീസലിനേക്കാൾ ഏകദേശം 22 രൂപ കൂടുതലാണ് ഈടാക്കുന്നത്. വ്യവസായങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഡീസൽ വൻതോതിൽ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ജനറൽ സഞ്ജയ് ലാത്ത് പറഞ്ഞു. 500 ലിറ്ററിൽ കൂടുതൽ ഡീസൽ നിറയ്ക്കുന്ന ഹെവി വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പങ്കിടാൻ പെട്രോൾ പമ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില വര്‍ധിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ പല സംസ്ഥാനങ്ങളിലെയും പെട്രോള്‍ പമ്പുകളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യമുണ്ട്. അതേസമയം, കെരഞ്ഞെടുപ്പിന് ശേഷം ഉടനടി വില പരിഷ്കരണം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam