അനധികൃത സ്വത്ത് സമ്പാദന കേസ് : ഓം പ്രകാശ് ചൗട്ടാലയ്ക്ക് 4 വർഷം തടവും അരക്കോടി പിഴയും

Published : May 27, 2022, 03:28 PM ISTUpdated : May 27, 2022, 04:05 PM IST
അനധികൃത സ്വത്ത് സമ്പാദന കേസ് : ഓം പ്രകാശ് ചൗട്ടാലയ്ക്ക് 4 വർഷം തടവും അരക്കോടി പിഴയും

Synopsis

ഹരിയാന മുൻ മുഖ്യമന്ത്രിയെ ശിക്ഷിച്ചത് ദില്ലി റോസ് അവന്യു കോടതി; അഴിമതി നിരോധന നിയമപ്രകാരം പ്രതി കുറ്റം ചെയ്തെന്ന് കോടതി; ഹൈക്കോടതിയെ സമീപിക്കുമെന്ന് ചൗട്ടാലയുടെ കുടുംബം

ദില്ലി : അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് തടവുശിക്ഷ. ദില്ലി റോസ് അവന്യു കോടതിയാണ് ചൗട്ടാലയെ ശിക്ഷിച്ചത്. നാല് വർഷം തടവും അൻപത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷാവിധിക്ക് മുന്നോടിയായുള്ള വാദത്തിനിടെ, ആരോഗ്യസ്ഥിതി പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് ചൗട്ടാലയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തിന് ഇത് മാതൃകയാകണമെന്നും സിബിഐ ആവശ്യപ്പെട്ടു. പ്രതി ഒരു പൊതുപ്രവർത്തകൻ ആണെന്നും ശിക്ഷ കുറയ്ക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സിബിഐ വാദിച്ചു. ചൗട്ടാലയുടെ മുൻകാല ചരിത്രം കൂടി പരിശോധിക്കണം. പ്രതി നേരത്തെയും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്, സിബിഐ വാദിച്ചു.  

അനധികൃത സ്വത്ത് സമ്പാദന കേസിൽ 2010 മാർച്ച് 26ന് ആണ് സിബിഐ ചൗട്ടാലയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 1993നും 2006നും ഇടയ്ക്ക് ഓംപ്രകാശ് ചൗട്ടാല, 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ കണ്ടെത്തിയത്. വെളിപ്പെടുത്തിയ സമ്പാദ്യത്തിന്റെ 103 ഇരട്ടിയാണ് ഇതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ കണക്കിലെടുത്ത കോടതി, അഴിമതി നിരോധന നിയമത്തിലെ 13(1)(e), 13(2) വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. പ്രത്യേക കോടതി ജഡ്ജി വികാസ് ധൂൾ ആണ് ശിക്ഷ വിധിച്ചത്. 

ഹരിയാന മുൻ മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല 7 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2013ൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ സുപ്രീംകോടതി ഓം പ്രകാശ് ചൗട്ടാലയെ 7 വർ‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 10 വർഷം തടവും ചൗട്ടാലയ്ക്ക് ലഭിച്ചു.

ദില്ലി കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചൗട്ടാലയുടെ കുടുംബം വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹ‍ർജി നൽകുമെന്നും ഓം പ്രകാശ് ചൗട്ടാലയുടെ കുടുംബം അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ