ഇടത് സഖ്യം വിട്ട് ബിജെപിക്കൊപ്പം; പിന്നാലെ സിഎഎയെ പിന്തുണച്ച് പവന്‍ കല്ല്യാണ്‍

Published : Jan 17, 2020, 12:43 PM IST
ഇടത് സഖ്യം വിട്ട് ബിജെപിക്കൊപ്പം; പിന്നാലെ സിഎഎയെ പിന്തുണച്ച് പവന്‍ കല്ല്യാണ്‍

Synopsis

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദു ന്യൂനപക്ഷം പീഡനം അനുഭവിക്കുകയാണ്. ഭയം മൂലം അങ്ങനെ ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വമാണ് നല്‍കുന്നതെന്ന് പവന്‍

വിജയവാഡ: ഇടത് സഖ്യം വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ജന സേന പ്രസിഡന്‍റ്  പവന്‍ കല്ല്യാണ്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി നിറയ്ക്കുകയാണെന്ന് പവന്‍ ആരോപിച്ചു. കേന്ദ്രത്തിന്‍റെ പുതിയ നിയമം ഇന്ത്യക്കാരായ മുസ്ലീങ്ങള്‍ക്ക് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല.

അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ മാത്രമാണ് ഈ നിയമം. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദു ന്യൂനപക്ഷം പീഡനം അനുഭവിക്കുകയാണ്. ഭയം മൂലം അങ്ങനെ ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വമാണ് നല്‍കുന്നതെന്ന് പവന്‍ പറഞ്ഞു.

പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും വന്നാല്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് പൗരത്വം നഷ്ടമാകുമെന്ന് പറയുന്നതില്‍ ഒരു സത്യവുമില്ല. അനാവശ്യമായ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇന്ത്യയെ പുരോഗതിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രപ്രദേശിലെ സൂപ്പര്‍ താരമായ പവന്‍ കല്ല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടി(ജെഎസ്പി) ബിജെപിയുമായി ഇന്നലെയാണ് സഖ്യം പ്രഖ്യാപിച്ചത്. 2024ലെ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. വിജയവാഡയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പവന്‍ കല്ല്യാണും ബിജെപി തലവന്‍ കണ്ണ ലക്ഷ്മി നാരായണയും സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യ തീരുമാനമുണ്ടായത്. 2014ല്‍ ജെ എസ് പി ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ചിരുന്നില്ല. 2019ല്‍ ബിജെപിയെ വിട്ട് ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തെര‍ഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

ബിജെപിയുമായി ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെയും സംസ്ഥാനത്തെയും നയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപിയുമായി ഒരുമിച്ച് മത്സരിക്കുമെന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ‍ർവീസ് റദ്ദാക്കുമോയെന്ന സംശയം, കാത്തിരിപ്പിന് തയ്യാറാകാൻ കിടക്കയുമായി വിമാനത്താവളത്തിലെത്തി യാത്രക്കാരൻ
നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്