കര്‍ണാടകയില്‍ പശുക്കളെ തീയിലൂടെ ഓടിക്കുന്ന ക്രൂരമായ ആചാരം; മൗനം പാലിച്ച് ബിജെപി സര്‍ക്കാര്‍

By Web TeamFirst Published Jan 17, 2020, 12:55 PM IST
Highlights

നിയമവിരുദ്ധമായ ആഘോഷമാണിതെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടും കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. 

ബെംഗളൂരു: കര്‍ണാടയില്‍ പശുക്കളെ തീയിലൂടെ ഓടിക്കുന്ന ആചാരത്തിനെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍. വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച് അതിലൂടെ പശുക്കളെയും കാളകളെയും ഓടിക്കുന്ന ആചാരം മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായാണ് കര്‍ണാടകയില്‍ നടക്കുക. നിയമവിരുദ്ധമായ ആഘോഷമാണിതെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടും കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണിതെന്നും ഇടപെടാനില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ആചാരത്തെ എതിര്‍ത്താല്‍ തിരിച്ചടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു. അതേസമയം, പശുക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ചടങ്ങാണിതെന്നും നിയമവിധേയമല്ലെന്നുമാണ് മൃഗസ്നേഹികളുടെ വാദം. പശുക്കള്‍ക്ക് വേണ്ടി വാദിക്കുന്ന ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുക്കിന്നില്ലെന്നും ഇവര്‍ ചോദിച്ചു. ചടങ്ങിനിടെ പശുക്കള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കാറുണ്ട്.

തീയിലേക്ക് വിടും മുമ്പ് പശുക്കളെ അലങ്കരിക്കുകയും മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്യും. തീയിലൂടെ ചാടുമ്പോള്‍ പശുക്കളുടെ ശരീരത്തിലെ ചെള്ളുകള്‍ ചാകുമെന്നും പശുക്കള്‍ക്ക് ആരോഗ്യം വര്‍ധിക്കുമെന്നും ത്വഗ് രോഗങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.

ഗോവധ നിരോധത്തിനും പശുക്കളെ ഉപദ്രവിക്കുന്നതിനും ശക്തമായി വാദിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പല സംസ്ഥാനങ്ങളിലും സംഘ്പരിവാര്‍ സംഘടനകള്‍ പശുക്കളുടെ സംരക്ഷണത്തിനായി ഗോരക്ഷ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഗോരക്ഷകരും ഈ ആചാരത്തിനെതിരെ മൗനം പാലിക്കുകയാണെന്ന് മൃഗസ്നേഹികള്‍ ആരോപിച്ചു. 
 

click me!