ജാർഖണ്ഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പിൽ സംഘർഷം; പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

By Web TeamFirst Published Dec 7, 2019, 8:59 PM IST
Highlights

മാവോയിസ്റ്റ് മേഖലകളുള്‍പ്പെടുന്ന രണ്ടാംഘട്ടത്തില്‍ ഗുംല ജില്ലിയിലെ സിസൈ മണ്ഡലത്തിലെ മുപ്പത്തിയാറാം ബൂത്തിലാണ് പോലീസും നാട്ടുകാരും ഏറ്റുമുട്ടിയത്.

റാഞ്ചി: ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ട തെരെഞ്ഞെടുപ്പിനുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ഒരു പോളിംഗ് ഉദ്യോഗസ്ഥനും രണ്ട് പോലീസുദ്യോഗസ്ഥര്‍ക്കും വെടിവയ്പ്പിൽ പരിക്കേറ്റു. 62 ശതമാനം പോളിംഗാണ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രേഖപ്പെടുത്തിയത്. 

മാവോയിസ്റ്റ് മേഖലകളുള്‍പ്പെടുന്ന രണ്ടാംഘട്ടത്തില്‍ ഗുംല ജില്ലിയിലെ സിസൈ മണ്ഡലത്തിലെ മുപ്പത്തിയാറാം ബൂത്തിലാണ് പോലീസും നാട്ടുകാരും ഏറ്റുമുട്ടിയത്. വോട്ട് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കല്ലേറിലും തുടര്‍ന്ന് പോലീസ് വെടിവെപ്പിലും കലാശിക്കുകയായിരുന്നു. സുരക്ഷാ സേനയുടെ ആയുധങ്ങള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതും പോലീസിന് നേരെയുണ്ടായ കല്ലേറും വെടിവെക്കാന്‍ കാരണമായി എന്നാണ് പോലീസ് വിശദീകരണം. 

സിസൈ സ്വദേശിയായ 28കാരന്‍ മുഹമ്മദ് ഗിലാനിയാണ് വെടിവെപ്പില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുംല ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ബൂത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. മറ്റൊരു സംഭവത്തില്‍ സിംഗ്ബം ജില്ലിയില്‍ മാവോയിസ്റ്റുകള്‍ ബസ്സിന് തീയിട്ടു. ആര്‍ക്കും പരിക്കില്ല. അഞ്ചുകൊല്ലത്തെ മികച്ച ഭരണത്തിന് ജനങ്ങള്‍ അനുകൂലമായി വോട്ടുചെയ്യുമെന്ന് ജംഷ‍‍ഡ്പൂര്‍ ഈസ്റ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി മുഖ്യമന്ത്രിയുമായ രഘുബര്‍ദാസ് പറഞ്ഞു. 

രഘുബര്‍ദാസ് കനത്ത വെല്ലുവിളിയാണ് ഇത്തവണ നേരിടുന്നത്.  രഘുബര്‍ ദാസിന്‍റെ തന്നെ മന്ത്രി സഭയിലെ മന്ത്രിയും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ സരയൂ റായി ആണ് രഘുബര്‍ ദാസിനെതിരെ മല്‍സരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളിലെ തെരഞ്ഞെടുപ്പിന് 42000 സുരക്ഷാ സേനാംഗങ്ങളെ നിയോഗിച്ചു. ഡിസംബര്‍ 12 നാണ് മൂന്നാം ഘട്ട പോളിംഗ്. 81 സീറ്റുകളുള്ള ജാര്‍ഖണ്ഡില്‍ അഞ്ച് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.

click me!