
കൊൽക്കത്ത: ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മൂന്ന് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ വിജയിച്ച ബയ്റോൺ ബിസ്വാസാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ച് തൃണമൂലിൽ ചേർന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യചർച്ചകൾ നടക്കവെയാണ് കോൺഗ്രസ് എംഎൽഎയുടെ കൂടുമാറ്റം. സാഗർദിഘി മണ്ഡലത്തിൽ നിന്നാണ് ബിസ്വാസ് ജയിച്ച് നിയമസഭയിലെത്തിയത്.
അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു തൃണമൂലിൽ ചേർന്നത്. തന്റെ വിജയത്തിൽ കോൺഗ്രസിന് യാതൊരു പങ്കുമില്ലെന്ന് ബയ്റോൺ ബിസ്വാസ് വ്യക്തമാക്കി. "ബിജെപിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ശരിയായ പാർട്ടി തെരഞ്ഞെടുത്തു. നമ്മൾ ഒരുമിച്ച് ജയിക്കും!" ബിസ്വാസിന്റെ പാർട്ടി പ്രവേശനത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. മൂന്ന് മാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സാഗർദിഘി സീറ്റിൽ തൃണമൂൽ സ്ഥാനാർഥിയെ ഇടതുപിന്തുണയോടെ കോൺഗ്രസ് തോൽപ്പിച്ചത്.
2024ലെ തെരഞ്ഞെടുപ്പിൽ പരസ്പര പിന്തുണയുണ്ടെങ്കിൽ കോൺഗ്രസിനെ പിന്തുണക്കണമെന്ന് മമതാ ബാനർജി പറഞ്ഞിരുന്നു. തുടർന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയോട് ചർച്ച നടത്താനിരിക്കെയാണ് കോൺഗ്രസ് അംഗം തൃണമൂലിൽ ചേർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam