ഭര്‍ത്താവിന്റെ പണത്തിന്മേല്‍ അവകാശം ആദ്യ ഭാര്യക്ക് മാത്രം: ബോംബെ ഹൈക്കോടതി

By Web TeamFirst Published Aug 25, 2020, 10:21 PM IST
Highlights

മെയ് 30ന് കൊവിഡ് ബാധിച്ച് മരിച്ച റെയില്‍വേ പൊലീസ് എസ്‌ഐ സുരേഷ് ഹതാന്‍കറുടെ ഭാര്യമാരാണ് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയായ 65 ലക്ഷത്തിന് അവകാശം ചോദിച്ച് കോടതിയെ സമീപിച്ചത്.
 

മുംബൈ: ഒന്നിലധികം ഭാര്യമാരുള്ള ഭര്‍ത്താവിന്റെ പണത്തിന്മേല്‍ അവകാശം ആദ്യഭാര്യക്ക് മാത്രമാണെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, ഭാര്യമാരിലുള്ള എല്ലാ കുട്ടികള്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. സ് ജെ കത്താവാലയും മാധവ് ജാംദാറും അടങ്ങിയ ബെഞ്ചാണ് വാക്കാല്‍ നിര്‍ദേശിച്ചത്. നേരത്തെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ച് സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. 

മെയ് 30ന് കൊവിഡ് ബാധിച്ച് മരിച്ച റെയില്‍വേ പൊലീസ് എസ്‌ഐ സുരേഷ് ഹതാന്‍കറുടെ ഭാര്യമാരാണ് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയായ 65 ലക്ഷത്തിന് അവകാശം ചോദിച്ച് കോടതിയെ സമീപിച്ചത്. എന്നാല്‍, ആദ്യഭാര്യക്ക് മാത്രമേ ഭര്‍ത്താവിന്റെ പണത്തില്‍ അവകാശമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് രണ്ടാം ഭാര്യയുടെ മകള്‍ വിഹിതം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. നഷ്ടപരിഹാര തുക കോടതിയില്‍ നല്‍കാമെന്നും കോടതി തീരുമാനത്തിനനുസരിച്ച് വിട്ടുനല്‍കിയാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 

വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വാദം. ഭര്‍ത്താവിന് മറ്റൊരു ഭാര്യയും മകളുമുള്ളതായി തങ്ങള്‍ക്കറിയില്ലെന്ന് ആദ്യ ഭാര്യയും മകളും കോടതിയെ അറിയിച്ചു. എന്നാല്‍, ഇവര്‍ക്ക് രണ്ടാം വിവാഹത്തെക്കുറിച്ച് അറിയാമായിരുന്നെന്നും ഇവര്‍ ഫേസ്ബുക്കിലൂടെ ബന്ധമുണ്ടായിരുന്നെന്നും രണ്ടാം ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു. രണ്ടാം ഭാര്യയോടൊത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇയാള്‍ താമസിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു. 

click me!