സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

Published : Dec 10, 2025, 07:01 PM IST
veersavarkkar award

Synopsis

സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ എത്തിയത് എം ജയചന്ദ്രൻ മാത്രം. ശശി തരൂർ, വി മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവർ ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. 

ദില്ലി: എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ എത്തിയത് എം ജയചന്ദ്രൻ മാത്രം. ശശി തരൂർ, വി മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റ് മലയാളികൾ. എന്നാൽ, ഇവർ ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. പുരസ്കാരങ്ങൾ വിതരണം ചെയ്യേണ്ടിയിരുന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങും ചടങ്ങിൽ പങ്കെടുത്തില്ല. ദില്ലിയിലാണ് അവാര്‍ഡ് ദാന ചടങ്ങ് ന‌ടക്കുന്നത്.

ശശി തരൂര്‍ എംപിക്ക് സവര്‍ക്കര്‍ പുരസ്ക്കാരം പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. സവര്‍ക്കറുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയെന്ന സംഘടന മറ്റ് പലര്‍ക്കുമൊപ്പം ശശി തരൂരിനെയും തിരഞ്ഞെടുത്തത്. ഓപ്പറേഷന്‍ സിന്ദൂറിലെ നയതന്ത്ര യാത്രയിലടക്കം പങ്കെടുത്തത് പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു പുരസ്കാരത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് തരൂര്‍ പറയുന്നത്. അവാര്‍‍ഡിന്‍റെ സ്വഭാവം എന്തെന്നോ, തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാല്‍ ഈ അവാര്‍ഡ് വാങ്ങുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തരൂര്‍ എക്സില്‍ കുറിച്ചിരുന്നു. 

എന്നാല്‍, ഒരു മാസം മുന്‍പ് തരൂരിനെ നേരിട്ട് കണ്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങാമെന്ന് സമ്മതിച്ചതാണെന്നും എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു. ദില്ലിയിലെ വസതിയിലെത്തിയാണ് വിളിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും തരൂരിനെ ആക്രമിക്കാൻ ഇല്ലെന്നും എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്
ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ