ആർക്കൊപ്പം? കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് ഉമ്മൻചാണ്ടി!

By Web TeamFirst Published Oct 2, 2022, 5:10 PM IST
Highlights

മുതിർന്ന നേതാക്കളിൽ പലരും ഖാർഗെയ്ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചപ്പോൾ യുവ നേതാക്കളിൽ പലരും ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

കോട്ടയം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ കാര്യക്ഷമമായി മുന്നോട്ടു പോകുകയാണ്. മുതിർന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും തിരുവനന്തപുരം എം പിയായ ശശി തരൂരും മത്സരിക്കുമ്പോൾ വിവിധ നേതാക്കൾ നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. രണ്ടുപേരും ഔദ്യോഗിക സ്ഥാനാർത്ഥികളല്ലെന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ പരസ്യമായി തന്നെ നേതാക്കൾ ആർക്കൊപ്പമാണെന്ന നിലപാട് പ്രഖ്യാപിക്കുകയാണ്. കേരളത്തിലെ നേതാക്കളുടെ അവസ്ഥയും മറിച്ചല്ല. മുതിർന്ന നേതാക്കളിൽ പലരും ഖാർഗെയ്ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചപ്പോൾ യുവ നേതാക്കളിൽ പലരും ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നിലപാട് പ്രഖ്യാപിച്ചത്. താൻ ഖാർഗെയ്ക്കൊപ്പം എന്നാണ് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്.

പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കേന്ദ്രത്തിലും കര്‍ണാടകയിലും മന്ത്രിയായും സംഘടനാ പ്രവര്‍ത്തന രംഗത്തും മികവ് തെളിയിച്ച അദ്ദേഹം എല്ലാവരേയും യോജിപ്പിച്ചും ഐക്യത്തോടെയും കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനും കൂട്ടായ്മക്കും ശ്രദ്ധേയമായ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജി വെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; തീരുമാനം ഒരാൾക്ക് ഒരു പദവി മുൻ നിർത്തി

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നതിനെ ഉമ്മൻ ചാണ്ടി സ്വാഗതം ചെയ്തു. കോണ്‍ഗ്രസ്സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നുവെന്നത് കോണ്‍ഗ്രസ്സിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യമാണ് വിളിച്ചറിയിക്കുന്നത്. ആരോഗ്യകരമായ മത്സരം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുക തന്നെ ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതിനിടെ ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനം മുൻ നിർത്തി രാജ്യസഭ പ്രതിപക്ഷ നേതൃപദവി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജി വെച്ചു. ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടി നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും സഹകരണം വേണമെന്ന് അഭ്യർത്ഥിച്ചു. എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ച് ആണ് എടുക്കാൻ പോകുന്നതെന്നും, മാറ്റം വേണമെങ്കിൽ ആലോചിച്ച് നടപ്പാക്കുമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

ചുവന്ന മണ്ണ്, കറുത്ത കൊടി, നിറഞ്ഞ കണ്ണുകൾ, ഹൃദയവേദനയിലും ചങ്ക് പിളർക്കെ വിളിച്ചു, ഇല്ല...ഇല്ല...മരിക്കുന്നില്ല

click me!