
മുംബൈ : ശരദ് പവാർ എൻസിപി ദേശീയ അധ്യക്ഷ പധവി ഒഴിയുന്നതോടെ തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ.രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണിൽ സുപ്രിയയെ വിളിച്ചു. ശരദ് പവാറിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയയെ അധ്യക്ഷയാക്കാൻ എൻസിപിയിൽ ചർച്ചകൾ സജീവമാണ്. എൻസിപിയിൽ നിന്ന് തന്നെ ഇത്തരം ചർച്ചകൾ ഉയരുന്നുണ്ട്. ദേശീയ അധ്യക്ഷയായി സുപ്രിയ സുലെ വരട്ടെ, അജിത്ത് പവാർ സംസ്ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യട്ടെ എന്ന തലത്തിൽ പരസ്യ പ്രതികരണം വരെ ഉണ്ടായി. നിലവിൽ ലോക്സഭാ അംഗമാണ് സുപ്രിയ സുലെ.
പാർട്ടിയെ നയിക്കാൻ സുപ്രിയ സുലെ എത്തിയാൽ എൻസിപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദവിയിലേക്ക് അജിത്ത് പവാറിനെ പരിഗണിച്ചേക്കും. എൻസിപിയിൽ നിന്ന് രാജി വച്ച ശരദ് പവാർ തീരുമാനം പുനഃപരിശോധിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് രാജിക്കാര്യമല്ലെന്നാണ് മനസിലാകുന്നത്. ഇപ്പോഴത്തെ ചർച്ചകൾ തലമുറമാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിലാണ് എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചത്. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാർ. എന്നാൽ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാർ ഒഴിയുന്നതോടെ എൻസിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യം ബലപ്പെട്ടു. എൻസിപിയിൽ അടുത്ത നേതാവാരെന്നും തലമുറ മാറ്റം സംബന്ധിച്ചും ചോദ്യങ്ങൾ കഴിഞ്ഞ കുറേ നാളുകളായി ഉണ്ടായിരുന്നു. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
Read More : എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ശരദ് പവാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam