അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്
മുംബൈ: എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാർ. മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാർ. എന്നാൽ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാർ ഒഴിയുന്നതോടെ എൻസിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യം ബലപ്പെട്ടു.
എൻസിപിയിൽ അടുത്ത നേതാവാരെന്നും തലമുറ മാറ്റം സംബന്ധിച്ചും ചോദ്യങ്ങൾ കഴിഞ്ഞ കുറേ നാളുകളായി ഉണ്ടായിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേ അടക്കം നേതൃസ്ഥാനത്തേക്ക് ഉയർന്നുവരുമെന്നാണ് കരുതപ്പെട്ടത്. എപ്പോൾ ഈ തീരുമാനം ഉണ്ടാകുമെന്നത് വ്യക്തമല്ല. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
അജിത് പവാർ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശരദ് പവാർ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. തീരുമാനം പിൻവലിക്കണമെന്ന് വൈകാരികമായി പവാറിനോട് ആവശ്യപ്പെട്ട് നേതാക്കൾ പലരും രംഗത്ത് വന്നു. ജയന്ത് പാട്ടീലാകട്ടെ, സങ്കടം സഹിക്കാനാവാതെ ശരദ് പവാറിന് മുന്നിൽ തന്നെ പൊട്ടിക്കരഞ്ഞു.

പവാറുമായി സംസാരിക്കണമെന്ന് സുപ്രിയ സുലെയോട് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകരും മുന്നോട്ട് വന്നു. ശരദ് പവാർ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ശരദ് പവാറിന്റെ തീരുമാനം അംഗീകരിക്കണമെന്ന് അജിത്ത് പവാർ നേതാക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ടത്. അദ്ദേഹത്തിൻറെ പ്രായവും ആരോഗ്യവും പരിഗണിക്കണമെന്നും അജിത് പവാർ പറഞ്ഞു.
