
ദില്ലി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് നടപടി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു.
സെപ്റ്റംബർ പതിനാലാം തീയതി മുതല്‍ ഒക്ടോബർ മാസം ഒന്ന് വരെയാണ് പാര്‍ലെമന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നടക്കുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തിന് ശേഷമാണ് സഭ സമ്മേളിക്കുന്നത്. ശൂന്യവേളയടക്കം മറ്റ് നടപടി ക്രമങ്ങളില്‍ മാറ്റമില്ലെങ്കിലും ചോദ്യോത്തര വേളയും, പ്രൈവറ്റ് മെംബര്‍ ബിസിനസും വേണ്ടെന്നാണ് തീരുമാനം.
കൊവിഡ് പ്രതിസന്ധി, സാമ്പത്തിക തകര്‍ച്ച, ചൈനയുടെ കടന്നാക്രമണമടക്കം നിരവധി നിര്‍ണ്ണായക വിഷയങ്ങള്‍ മുമ്പിലുള്ളപ്പോഴാണ് ചോദ്യോത്തര വേള ഒഴിവാക്കുന്നത്. കൊവിഡിന്‍റെ മറവില്‍ ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ലോക്സഭയിലെയും രാജ്യസഭയിലെയും കക്ഷി നേതാക്കള്‍ ഈ വിഷയത്തില്‍ കേന്ദ്രത്തെ ഇതിനോടകം എതിര്‍പ്പറിയിച്ചിട്ടുണ്ട്.
അതേസമയം, കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന വ്യവസ്ഥകളോടെയാണ് വര്‍ഷകാല സമ്മേളനം നടത്താനാണ് തീരുമാനം. സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പേ അംഗങ്ങള്‍ പരിശോധന നടത്തി കൊവിഡില്ലെന്ന് ഉറപ്പിക്കണം. വിശദമായ പ്രോട്ടോകോള്‍ ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പ്രസിദ്ധീകരിക്കും. സഭ സമ്മേളിക്കുന്ന പതിനാലിന് ലോക്സഭ രാവിലെ 9 മണി മുതല്‍ ഒരു മണിവരെയും, രാജ്യസഭ മൂന്ന് മുതല്‍ ഏഴ് വരെയും ചേരും. പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യസഭ രാവിലെയും ലോക്സഭ ഉച്ചക്ക് ശേഷവും ചേരാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam