ബിജെപി നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം 'കൂടോത്രം' ചെയ്യുന്നുവെന്ന് പ്രഗ്യാസിംഗ് താക്കൂര്‍

By Web TeamFirst Published Aug 26, 2019, 4:07 PM IST
Highlights

''ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറുകുന്നതിനിടെ എന്നോട് ഒരു മഹാരാജ് ജി പറഞ്ഞിരുന്നു, ഇത് മോശം സമയമാണെന്നും ബിജെപിക്കെതിരെ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നും...''

ദില്ലി: ബിജെപി നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുവെന്ന് ബിജെപി എം പി പ്രഗ്യാ സിംഗ് താക്കൂര്‍. സുഷമ സ്വരാജിന്‍റെയും അരുണ്‍ ജയ്റ്റ്ലിയുടെയും മരണത്തിന് പിന്നില്‍ ദുഷ്ടശക്തികളാണെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു. ഓഗസ്റ്റ് 24നാണ് അരുണ്‍ ജയ്റ്റ്‍ലി മരിച്ചത്. ഓഗസ്റ്റ് 6നായിരുന്നു സുഷമ സ്വരാജിന്‍റെ വിയോഗം. 

''ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറുകുന്നതിനിടെ എന്നോട് ഒരു മഹാരാജ് ജി പറഞ്ഞിരുന്നു, ഇത് മോശം സമയമാണെന്നും ബിജെപിക്കെതിരെ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നും. ഞാന്‍ പിന്നീട് അത് മറന്നു. എന്നാല്‍ ഒരോരുത്തരായി നമ്മുടെ മുതിര്‍ന്ന നേതാക്കള്‍ നമ്മെ വിട്ടുപോകുമ്പോള്‍മഹാരാജ് ജിയാണ് ശരിയെന്ന് വിശ്വസിക്കാന്‍ർ ഞാന്‍ നിര്‍ബന്ധിതയാകുകയാണ്'' - പ്രഗ്യാസിംഗ് പറഞ്ഞു. 

അരുണ്‍ ജയ്‍റ്റ്‍ലിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഓഗസ്റ്റ് 20 ന് അന്തരിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാര്‍ ഗൗറിനും ചടങ്ങില്‍ അനുശോചനം അറിയിച്ചു. അതേമസമയം മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാന്‍ പ്രഗ്യാ സിംഗ് തയ്യാറായില്ല. 

കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യാ സിംഗ് ഭോപ്പാലില്‍ നിന്ന് ലോക്സഭയിലെത്തിയത്. മഹാത്മാഗാന്ധിയെ കൊന്ന നാഥൂറാം ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിച്ചതിന് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി പ്രഗ്യാ സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തന്‍റെ ശാപം മൂലമാണ് മുംബൈ ഭീകരാക്രമണത്തില്‍ മഹാരാഷ്ട്ര എടിഎ തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടതെന്നും പ്രഗ്യാ പറഞ്ഞിരുന്നു. 

click me!