
ചണ്ഡിഗഡ്: സോഷ്യൽ മീഡിയ താരം കൂടിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ട് പഞ്ചാബ് പൊലീസ്. സീനിയർ വിമൺ കോൺസ്റ്റബിളായ അമൻദീപ് കൗറിനെയാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം ഇവരുടെ പക്കൽ നിന്ന് 17.71 ഗ്രാം ഹെറോയിൻ പൊലീസ് പിടികൂടിയിരുന്നു. പഞ്ചാബ് സർക്കാറിന്റെ നേതൃത്വത്തിൽ പ്രത്യേക ലഹരി വിരുദ്ധ കാമ്പയിൻ നടന്നുവരുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമൻദീപ് കൗർ പിടിയിലാവുന്നത്.
ബത്തിൻഡയിലെ ബാദൽ ഫ്ലൈഓവറിന് സമീപത്തുവെച്ച് അമൻദീപ് കൗറിന്റെ മഹീന്ദ്ര ഥാർ വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഹർബൻസ് സിങ് പറഞ്ഞു. സംയുക്ത പരിശോധനാ സംഘം പ്രദേശം വളഞ്ഞ ശേഷം വാഹനം തടയുകയായിരുന്നു. അമൻദീപാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം ജസ്വന്തം സിങ് എന്നൊരു പുരുഷനും ഉണ്ടായിരുന്നു. വാഹനം പരിശോധിച്ചപ്പോൾ 17.71 ഗ്രാം ഹെറോയിൻ പിടികൂടി. മാൻസ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു അമൻദീപ് കൗർ. ഇവർക്കെതിരെ നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്‍സ്റ്റൻസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്റ്റഗ്രാമിൽ 37,000ൽ അധികം ഫോളോവർമാരുള്ള അമൻദീപ് പൊലീസ് കൗർദീപ് എന്ന തന്റെ ഐഡിയിലൂടെ നിരവധി വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. പൊലീസ് വേഷത്തിലുള്ള വീഡിയോകളും ധാരാളമുണ്ട്. ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ നിലനിൽക്കവെയായിരുന്നു ഇതെല്ലാം. മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ ഇത് എവിടെ നിന്ന് വന്നെന്നും ആർക്കാണ് വിതരണം ചെയ്തിരുന്നതെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം