
മുംബൈ: കശ്മീരിൽ പണ്ഡിറ്റുകൾ തുടർച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. സംസ്ഥാനത്തിന്റെ വാതിൽ അവർക്ക് മുന്നിൽ എപ്പോഴും തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ''ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നു. അവിടുത്തെ സാഹചര്യം അസന്തുലിതമാണ്. ഞങ്ങളുടെ വാതിലുകൾ അവർക്കായി തുറന്നുകിടക്കുന്നു... ആശങ്കപ്പെടുത്തുന്ന അവസ്ഥയാണ് കശ്മീരിലുള്ളത്. അത്തരം അവസ്ഥകൾ വീണ്ടും ആവർത്തിക്കുകയാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടി ഇന്ത്യൻ ഗവൺമെന്റ് സ്വീകരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്'' - ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.
അതേസമയം കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളിൽ ബിജെപിയെ കടന്നാക്രമിച്ച് ആംആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. 1990 കാലഘട്ടം ആവർത്തിക്കുകയാണെന്നാണ് കെജ്രിവാൾ പ്രതികരിച്ചത്. ''അവർക്ക് പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ല. താഴ്വരയിൽ കൊലപാതകം നടന്നാൽ, ആഭ്യന്തരമന്ത്രി ഉന്നതതല യോഗം വിളിച്ചതായി അപ്പോൾ വാർത്ത വരും. ഈ യോഗങ്ങൾ മതിയാക്കാം, നമുക്ക് വേണ്ടത് നടപടിയാണ്'' - കെജ്രിവാൾ പറഞ്ഞു.
കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ദില്ലിയിൽ വമ്പൻ പ്രതിഷേധമാണ് ആം ആദ്മി പാർട്ടി നയിക്കുന്നത്. ജന്തർ മന്തറിൽ ജൻ അക്രോശ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
കശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. കശ്മീർ പുനഃസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഭീകരാക്രമണങ്ങളെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെടുന്നു. കശ്മീരി പണ്ഡിറ്റുകൾ പ്രദേശത്ത് നിന്ന് പാലായനം ചെയ്യുന്നു. സ്ഥിതി ഗുരുതരമാണെന്നിരിക്കെ കശ്മീരിനോട് കേന്ദ്രം കണ്ണടച്ചിരിക്കുന്നുവെന്ന് ലോകസഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. കശ്മീരിൽ കേന്ദ്ര സർക്കാർ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടരുതെന്ന് ശിവസേനയും കുറ്റപ്പെടുത്തി. പ്രദേശത്ത് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മതിയായ രീതിയിലുണ്ടാകുന്നില്ലെന്ന് ഉദ്ധവ് താക്കറെയും കുറ്റപ്പെടുത്തുന്നു.