സമരഭൂമി, പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം, മൂവായിരത്തിലേറെ പേർ കസ്റ്റഡിയിൽ; പിണറായിയടക്കം 4 മുൻ മുഖ്യമന്ത്രിമാരും ദീപ്കെയുമടക്കം കസ്റ്റഡിയിൽ

Published : Oct 10, 2026, 05:04 PM IST
delhi protest

Synopsis

ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധം സംഘർഷഭരിതമായി. പിണറായി ഉൾപ്പെടെ നാല് മുൻ മുഖ്യമന്ത്രിമാരെയും സിജെപി നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. മൂവായിരത്തിലധികം പേർ അറസ്റ്റിലായതോടെ രാജ്യതലസ്ഥാനം പൂർണ്ണമായും സമരഭൂമിയായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരങ്ങൾ സംഘർഷഭരിതമാകുന്നു. പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. പിണറായി വിജയനടക്കം 4 മുൻ മുഖ്യമന്ത്രിമാരും സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെയുമടക്കമുള്ളവർ കസ്റ്റഡിയിലായെങ്കിലും പ്രവർത്തകർ ഒന്നാകെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുവരെ മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി ജെ പി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പോലീസ് കൂട്ടക്കസ്റ്റഡി ആരംഭിക്കുകയായിരുന്നു.

നേതാക്കളടക്കം അറസ്റ്റിൽ

മുംബൈയിൽ നിന്ന് വിമാനമാർഗ്ഗം ഡൽഹിയിലെത്തിയ സി.ജെ.പി കൺവീനർ അഭിജീത് ദീപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പോലീസ് വിമാനത്തിനുള്ളിൽ കയറി നാടകീയമായി കസ്റ്റഡിയിലെടുത്തു. കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടിയെയും മോദിയുടെ ഭയത്തെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് ദീപ്കെ പ്രതികരിച്ചു. യൂട്യൂബർ ധ്രുവ് റാഠിയെ പുലർച്ചെ ഏഴരയോടെ ഗുരുഗ്രാമിലെ വസതിയിൽ നിന്നെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെയും ചില മാധ്യമപ്രവർത്തകരെയും പോലീസ് വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയത്.

സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ, മമതാ ബാനർജി, മണിക്ക് സർക്കാർ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി ഓഫീസിന് അവധി പ്രഖ്യാപിച്ച് പ്രക്ഷോഭത്തിനിറങ്ങിയ പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കളെ കേരള ഹൗസ് പരിസരത്ത് നിന്നാണ് പോലീസ് തടഞ്ഞത്. കസ്റ്റഡിയിലെടുത്ത പിണറായിയെ മണിക്കൂറുകളോളം നഗരത്തിൽ വട്ടംകറക്കിയ പോലീസ്, അവശനായ അദ്ദേഹത്തിന് മരുന്നോ ഭക്ഷണമോ പോലും നൽകിയില്ലെന്ന് ഇടത് എം.പിമാർ ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരെ ഡൽഹിയിൽ കാലുകുത്തിയ ഉടൻ തന്നെ പോലീസ് തടങ്കലിലാക്കുകയായിരുന്നു.

നേതാക്കളെ പോലീസ് അജ്ഞാത തടവറകളിലേക്ക് മാറ്റിയ സാഹചര്യത്തിൽ അനധികൃത കസ്റ്റഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് സി.ജെ.പിയുടെ തീരുമാനം. കൂടുതൽ അറസ്റ്റുകൾ മുൻകൂട്ടി കണ്ട് സമരം നയിക്കാൻ അജിൻക്യ ഷിൻഡെയെ ദീപ്കെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കസ്റ്റഡി നീക്കങ്ങളെ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ തെരുവിൽ നിലയുറപ്പിച്ചതോടെ ദില്ലി പൂർണ്ണമായും സമരഭൂമിയായി മാറി. കഴിഞ്ഞ 4 ദിവസമായി സമരമുഖത്തുണ്ടായിരുന്ന കോൺഗ്രസ് ഇന്ന് വലിയ തോതിൽ രംഗത്തെത്തിയിട്ടില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിലവിൽ ചെന്നൈയിലാണ്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് രാഹുൽ ഇന്ന് രാത്രി ചെന്നൈയിൽ നിന്ന് ദില്ലിയിൽ തിരിച്ചെത്തും. ശേഷമാകും കോൺഗ്രസിന്‍റെ പ്രതിഷേധങ്ങൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഹുൽ രാജ്യത്ത് അരാജകത്വം പരത്തുന്നു, തെരഞ്ഞെടുപ്പ് കാലത്ത് വിദേശത്ത് പോകാതെ കഠിനാധ്വാനം ചെയ്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു', വിമർശിച്ച് ബിജെപി
സിജെപി പ്രവർത്തകരെ വിട്ടയക്കണം; ഇല്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ് ചുക്ക്, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം