
ദില്ലി: വേലിയിലെ വിടവ് വഴിയാക്കി, ദില്ലി മൃഗശാലയിൽ നിന്ന് ഒരു കൂട്ടം കുറുക്കന്മാർ ചാടിപ്പോയി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇവയെ കണ്ടെത്താനായി പ്രത്യക സംഘത്തെയാണ് തെരച്ചിലിന് നിയമിച്ചിട്ടുള്ളത്. ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുമാണ് കുറുക്കന്മാർ രക്ഷപ്പെട്ടത്. മൃഗശാലയിലുള്ള ജീവികളെ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ച വിശദമാക്കുന്നതാണ് സംഭവം. പുറത്ത് ചാടാൻ കുറുക്കന്മാർ കണ്ടെത്തിയ വഴിയെത്തുന്നത് നിബിഡ വനമേഖലയിലേക്കാണ്. സന്ദർശകർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും തന്നെയില്ലെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്.
കുറക്കന്മാർക്ക് തയ്യാറാക്കിയ കൂടിന് പിൻ ഭാഗത്തുണ്ടായിരുന്ന ചെറിയ ദ്വാരം ഇവ രക്ഷപ്പെടാൻ ഉപയോഗിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മൃഗശാലയുടെ പ്രവർത്തനം തടസപ്പെട്ടിട്ടില്ല. സന്ദർശകരെ പതിവ് പോലെ പ്രവേശിപ്പിക്കുന്നുണ്ട്. ഉയരമുള്ള കമ്പിവേലികള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കിയ കൂടുകളിലാണ് കുറുക്കന്‍മാരെ പാര്‍പ്പിച്ചിരുന്നത്. കൂടിന് ഉള്ളില്‍ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായ മാളങ്ങള്‍, തണല്‍ പ്രദേശങ്ങള്‍ എന്നിവയും സജ്ജമാക്കിയിരുന്നു.
കുറുക്കന്മാർ ഏറെ അകലേക്ക് പോയിട്ടുണ്ടാവില്ലെന്നും കണ്ടെത്താനാവുമെന്നും ഇവ മൃഗശാലയുടെ പരിസരത്ത് തന്നെ കണ്ടേക്കുമെന്നുമാണ് മൃഗശാല അധികൃതർ നിരീക്ഷിക്കുന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ് കുറുക്കന്‍മാരുടെ രക്ഷപെടലിന് കാരണെമെന്ന് വിലയിരുത്തുമ്പോഴും സംഭവത്തില്‍ മൃഗശാല ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.