Sindhutai sapkal : അതിജീവനത്തിന്റെ അർത്ഥപൂർണമായ ജീവിതവഴി, ആയിരങ്ങളുടെ തണൽ, 'മായി', കരുത്താർന്ന സ്ത്രീ ഓർമ

Published : Jan 05, 2022, 08:37 AM IST
Sindhutai sapkal : അതിജീവനത്തിന്റെ അർത്ഥപൂർണമായ ജീവിതവഴി, ആയിരങ്ങളുടെ തണൽ, 'മായി', കരുത്താർന്ന  സ്ത്രീ  ഓർമ

Synopsis

അനാഥകുഞ്ഞുങ്ങളുടെ അമ്മ എന്നറിയപ്പെട്ട  സാമൂഹിക പ്രവർത്തക സിന്ധുതായി സപ്‍കൽ ഇനി ഓർമ. ഇന്നലെ രാത്രി പൂനെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 

പുനെ: അനാഥകുഞ്ഞുങ്ങളുടെ അമ്മ എന്നറിയപ്പെട്ട  സാമൂഹിക പ്രവർത്തക സിന്ധുതായി സപ്‍കൽ (Sindhutai sapkal) ഇനി ഓർമ. ഇന്നലെ രാത്രി പൂനെയിലെ (Pune) ആശുപത്രിയിലായിരുന്നു അന്ത്യം.  തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആയിരത്തി അഞ്ഞൂറിലേറ  കുഞ്ഞുങ്ങൾക്കാണ് 40 വർഷത്തിനിടെ  സിന്ധുതായ് സ്വയം അമ്മയായി മാറിയത്.

കുഞ്ഞുങ്ങളോടൊപ്പം പുഞ്ചിരിതൂകി നിൽക്കുന്ന അമ്മ. സിന്ധുതായുടെ മുഖം ഇങ്ങനെയാണ് നമ്മുടെയെല്ലാം മനസിൽ പതിഞ്ഞ് പോയിട്ടുണ്ടാവുക. അഞ്ച് ബാലമന്ദിരങ്ങളിലായി അമ്മയുടെ സ്നേഹത്തണലിൽ വളർന്നത് ആയിരത്തിലേറെ മക്കൾ. രാജ്യം പദ്മശ്രീ നൽകി ആദരിച്ചത് കഴിഞ്ഞ വർഷം. വലിയൊരു യാത്രയുടെ ഒരറ്റം മാത്രമാണിത്. അതിജീവനമെന്ന വാക്ക് പോലും മതിയാവാത്തവിധമൊരു വലിയ ജീവിതമാണ് വന്ന വഴി. 

വർധയിലെ ദരിദ്രകുടുംബത്തിൽ ജനിച്ചതാണ്. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പത്താം വയസിൽ കെട്ടിച്ച് വിട്ടു. 20 വയസിന് മുതിർന്നയാളുമായി. നാലാമത്തെ കുഞ്ഞിനായി ഒമ്പത് മാസം ഗർഭിണിയായ വേളയിൽ ഭർത്താവ് വീട്ടിൽ നിന്നും ആട്ടിയിറക്കി. നാട്ടിൽ പണക്കാർ നടത്തിവന്ന അനീതിക്കെതിരെ പ്രതികരിച്ചതായിരുന്നു കുറ്റം. കാലിത്തൊഴിത്തിൽ കിടന്ന് പ്രസവിച്ചു. 

കല്ലുകൊണ്ടടിച്ച് പൊക്കിൾകൊടി മുറിച്ചു. സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും സ്വന്തം അമ്മപോലും വാതിൽ കൊട്ടിയടക്കം. ഒരുമ്പിട്ടിറങ്ങിയവളെന്ന് വിളിപ്പേരായി. തെരുവിൽ പിച്ച തെണ്ടി. രാത്രി ശ്മശാനത്തിൽ അന്തിയുറങ്ങി.അന്ത്യ കർമ്മങ്ങൾ കഴിഞ്ഞ നിലത്ത് ചിതറിയ അരിമണി വിശപ്പ് മാറ്റി. തെരുവിൽ തന്നെ പോലെ ആരുമില്ലാതായ മക്കളെയെല്ലാം പിന്നെ ഒപ്പം കൂട്ടി. അവർക്കെല്ലാം അമ്മയായി.  മായി എന്നവർ സ്നേഹത്തോടെ വിളിച്ചു. 

Sindhutai sapkal passed away : സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ അന്തരിച്ചു

പണത്തിനായി പിച്ചതെണ്ടി പെടാപ്പാട് പെട്ടു. ചില സുമനസുകൾ സഹായിച്ചതോടെ ജീവിതത്തിന് തെളിച്ചമേറി. ബാലമന്ദിരങ്ങൾ ഇന്ന് അഞ്ചുണ്ട്. ഡോക്ടർമാരും,എ‍ഞ്ചിനീയർമാരും അടക്കം മക്കളെല്ലാം നല്ലനിലയിലാവുന്നത് കണ്ട് അമ്മ സന്തോഷിച്ചു. അന്ന് കാലിത്തൊഴുത്തിൽ പിറന്ന മകൾ തന്നെയാണ് ബാലമന്ദിരങ്ങളിലൊന്ന് നോക്കി നടത്തുന്നത്. പണ്ട് തന്നെ ആട്ടിയിറക്കിയ ഭർത്താവ് എട്ട് വർഷം മുൻപ് മാപ്പിരന്ന് മുന്നിൽ വന്ന് നിന്നു. 

ഭർത്താവായല്ല തന്‍റെ മൂത്തമകനായി ഒപ്പം കൂട്ടി സിന്ധുതായ്. ഒരുപക്ഷെ തന്നെ അന്നദ്ദേഹം തന്നെ ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ മക്കൾക്കെല്ലാം ആരുണ്ടാകുമായിരുന്നെന്ന ചോദ്യമാണ് ഒരു ന്യായ വാദമായി അമ്മ പറയാറുണ്ടായിരുന്നു. സംഭവബഹുലമായ സിന്ധുതായുടെ ജീവിതകഥ 2010ൽ മറാത്തിയിൽ സിനിമയുമായിട്ടുണ്ട്.

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്