നിലപാട് കടുപ്പിച്ച് ഇന്ത്യ, പിന്നാലെ യുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ നേതാവ്; ഇന്ത്യ സിന്ധു നദീ ജലം ആയുധമാക്കുന്നു, തിരിച്ചടിക്കുമെന്ന് ബിലാവല്‍ ഭൂട്ടോ

Published : Jul 07, 2026, 11:20 AM IST
 Bilawal Bhutto Zardari

Synopsis

'പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറാണ്, സിന്ധു നദിയുടെ അവകാശങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. നദീജലം നമുക്കെതിരെ ആയുധമാക്കാനുള്ള ശ്രമമാണിത്,' ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പീപ്പിൾസ് പാർട്ടി അധ്യക്ഷനുമായ ബിലാവൽ ഭൂട്ടോ സർദാരി.

ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ ഇസ്ലാമാബാദ് അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) നിര്‍ത്തിവച്ചിരിക്കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചതിന് പിന്നാലെ ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പീപ്പിൾസ് പാർട്ടി അധ്യക്ഷനുമായ ബിലാവൽ ഭൂട്ടോ സർദാരി. വെള്ളത്തെ ഒരു ആയുധമാക്കാൻ ഇന്ത്യ ശ്രമിച്ചാൽ എല്ലാ തലത്തിലും യുദ്ധം ചെയ്യാൻ പാകിസ്ഥാൻ സജ്ജമാണെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി. പാകിസ്ഥാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഇന്ത്യ സിന്ധു നദിയിലെ ജലം 'ആയുധമാക്കാന്‍' ശ്രമിക്കുകയാണെന്ന് ബിലാവല്‍ ആരോപിച്ചത്. നദിയുടെ മേലുള്ള അവകാശങ്ങളില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിലാവല്‍ പറഞ്ഞു.

'പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറാണ്, സിന്ധു നദിയുടെ അവകാശങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. നദീജലം നമുക്കെതിരെ ആയുധമാക്കാനുള്ള ശ്രമമാണിത്,' അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പാക് നേതാവിന്‍റെ പരാമര്‍ശം. 'സിന്ധു നദി പാകിസ്ഥാന്‍റെ ജീവരേഖയാണ്. പാകിസ്ഥാന്‍റെ ജലാവകാശം ഇല്ലാതാക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കും. ഞങ്ങൾ അന്തസ്സുള്ള സമാധാനമാണ് ആഗ്രഹിക്കുന്നത്, അല്ലാതെ കീഴടങ്ങലല്ല. സിന്ധു നദി വിട്ടുകൊടുക്കാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് പാകിസ്ഥാനെക്കുറിച്ച് അറിയില്ല- ബിലാവല്‍ വ്യക്തമാക്കി.

വെള്ളം നിഷേധിക്കുന്നത് ഒരു 'അണുആയുധ യുദ്ധത്തിന്' തുല്യമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെങ്കിൽ, അതിനെ നേരിടാൻ സംയുക്ത സൈനിക നീക്കം ഉൾപ്പെടെയുള്ള ശക്തമായ പ്രതികരണം പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടാകും'- ബിലാവൽ ഭൂട്ടോ വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാന്‍ തുടര്‍ച്ചയായി പിന്തുണ നല്‍കുന്നതിനാല്‍ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കുന്നു എന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960-ലെ ചരിത്രപരമായ സിന്ധു നദീജല കരാർ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചത്. 

അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിക്കാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. സിന്ധു നദീതട വ്യവസ്ഥയിലെ ജലം പാകിസ്ഥാനിലെ 80 ശതമാനത്തോളം കൃഷിഭൂമിയെയും ആശ്രയിച്ചു നിൽക്കുന്നതിനാൽ ഇത് തങ്ങളുടെ അതിജീവനത്തിന്റെ പ്രശ്നമാണെന്ന് പാകിസ്ഥാൻ വാദിക്കുന്നു. ഇന്ത്യ ഏകപക്ഷീയമായി കരാർ നിർത്തിവെച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ബിലാവൽ ഭൂട്ടോയുടെ ആക്ഷേപം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാനുകളിലൂടെ മഴവെള്ളം ആളുകളുടെ മുകളിലേക്ക്, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനിൽ നനഞ്ഞുകുളിച്ച് യാത്രക്കാർ
രാമക്ഷേത്രം: രണ്ടുവർഷത്തിനിടെ ട്രസ്റ്റ് ചെലവഴിച്ചത് 124 കോടിയിലേറെ രൂപ, അന്വേഷണവുമായി എസ്ഐടി; കിലോക്കണക്കിന് സ്വർണവും പരിശോധിക്കുന്നു