ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പാക് മന്ത്രി ഇന്ത്യയിലേക്ക്; എസ്‌സി‌ഒ സമ്മേളനത്തിൽ പങ്കെടുക്കും

Published : Nov 15, 2026, 12:24 AM IST
Pakistan Minister to India

Synopsis

ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായി തുടരുന്നതിനിടെ, പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് ഇന്ത്യയിലേക്ക്. നവംബർ 20 മുതൽ 22 വരെ ദില്ലിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ 'സിവിലൈസേഷണൽ ഡയലോഗ്' സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.

​ദില്ലി: ഇന്ത്യ - പാകിസ്ഥാൻ നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടെ, പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. ദില്ലിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) 'സിവിലൈസേഷണൽ ഡയലോഗ്' സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. നവംബർ 20 മുതൽ 22 വരെയാണ് സമ്മേളനം നടക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യയിലെത്തുന്നത്. നിലവിലുള്ള കീഴ്‌വഴക്കങ്ങൾ അനുസരിച്ച് എസ്‌സി‌ഒയിലെ എല്ലാ അംഗരാജ്യങ്ങൾക്കും ഒക്ടോബർ 28ന് ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചിരുന്നു.

എസ്‌സി‌ഒ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുന്നതിനും പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത വർഷം ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന എസ്‌സി‌ഒ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള പാകിസ്ഥാന്റെ നീക്കമായാണ് മുസാദിക് മാലിക്കിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

2025 ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്. ഇതിന് തിരിച്ചടിയായി മെയ് ഏഴിന് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. നാല് ദിവസം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടൽ മെയ് 10ന് ഇരുരാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിലുണ്ടാക്കിയ ധാരണയെത്തുടർന്നാണ് അവസാനിച്ചത്.

രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണത്തിനായി പ്രവർത്തിക്കുന്ന യുറേഷ്യൻ കൂട്ടായ്മയാണ് എസ്‌സി‌ഒ. ഇന്ത്യ, പാകിസ്ഥാൻ എന്നിവർക്ക് പുറമെ ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ് എന്നീ രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. 2024 ഒക്ടോബറിൽ ഇസ്ലാമാബാദിൽ നടന്ന എസ്‌സി‌ഒ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ കോടതി ഉത്തരവുകളുടെ പേരിൽ 129 വെബ്സൈറ്റ് വിലക്കിയ സംഭവത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ടെലികോം സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി
ഇന്ത്യയിൽ പുതിയ വത്തിക്കാൻ സ്ഥാനപതിയെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ