വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‍രാജ് അന്തരിച്ചു

By Web TeamFirst Published Aug 17, 2020, 7:11 PM IST
Highlights

ഹിന്ദുസ്ഥാനിയിലെ മേവതി ഘരാന സമ്പ്രദായത്തിലെ വിഖ്യാത പ്രതിഭയാണ് പണ്ഡിറ്റ് ജസ്‍രാജ്. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ജസ്‍രാജ് പാടിയിട്ടുണ്ട്.

ദില്ലി: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‍രാജ് അമേരിക്കയിലെ ന്യൂജഴ്സിയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മൂന്ന് പത്മപുരസ്‍കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് പണ്ഡിറ്റ് ജസ്‍രാജ്. തബല വാദകനായായിരുന്നു പണ്ഡിറ്റ് ജസ്‍രാജിന്‍റെ തുടക്കം. പിന്നീടാണ് വായ്പ്പാട്ടിലേക്ക് തിരിഞ്ഞത്. 

ഹിന്ദുസ്ഥാനിയിലെ മേവാതി ഘരാന സമ്പ്രദായത്തിലെ വിഖ്യാത പ്രതിഭയായ പണ്ഡിറ്റ് ജസ്‍രാജ് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുണ്ട്. തുംരി ശൈലിയും ഖയാലുകളും സമന്വയിപ്പിച്ച സംഗീതകാരന്‍ ജുഗല്‍ബന്ദിയില്‍ സ്വന്തമായ ശൈലി ആവിഷ്‍കരിച്ചു. സപ‍്തര്‍ഷി ചക്രബര്‍ത്തി, രമേഷ് നാരായണ്‍ അടക്കമുള്ള വലിയ ശിഷ്യസമ്പത്ത് ജസ്‍രാജിന് സ്വന്തമായുണ്ട്. കൂടാതെ വിദേശത്തും ഇന്ത്യയിലും നിരവധി സംഗീത വിദ്യാലയങ്ങളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. 

പണ്ഡിറ്റ് ജസ്‍രാജിന്‍റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിടവാങ്ങിയത് സമാനതകളില്ലാത്ത സംഗീത ഗുരു. രാജ്യത്തിന്‍റെ സാംസ്‍കാരിക രംഗത്തിന് തീരാനഷ്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

 

click me!