'അവന്‍ ഉറങ്ങുകയാണെന്ന് കരുതി'; വിമാനയാത്രക്കിടെ ആറുമാസം പ്രായമായ കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചു

By Web TeamFirst Published Nov 23, 2019, 10:39 AM IST
Highlights

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് എടുക്കാന്‍ പോവുന്നതിന് ഇടയിലാണ് കുഞ്ഞ് അനങ്ങുന്നില്ലെന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും കുട്ടി മരിച്ചിരുന്നു. 


ചെന്നൈ: യുവദമ്പതികളുടെ ഏകമകന്‍  വിമാനയാത്രക്കിടെ ആറുമാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചു. ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ആറുമാസം പ്രായമുള്ള മകന്‍ തളര്‍ന്നുറങ്ങുകയാണെന്നായിരുന്നു ശക്തിയും ദീപയും കരുതിയത്. എന്നാല്‍ ചെന്നൈയില്‍ എത്തിയ ശേഷം മകനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അവന്‍ അനങ്ങുന്നില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ചെന്നൈ വിമാനത്താവളത്തില്‍ ഇന്നലെപുലര്‍ച്ചെയാണ് ദാരുണ സംഭവം. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ സോഫ്റ്റ്‍വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ശക്തി മുരുകനും ഭാര്യ ദീപയുമാണ് ആറുമാസം പ്രായമായ മകന്‍ റിത്വികിനെ അമ്മയുടെ കൈയ്യില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. മെല്‍ബണില്‍ നിന്ന് ക്വാലാലംപൂര്‍ വഴിയാണ് ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. ചെന്നൈയിലെത്തി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് എടുക്കാന്‍ പോവുന്നതിന് ഇടയിലാണ് കുഞ്ഞ് അനങ്ങുന്നില്ലെന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത്. 

ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്‍റെ ശരീരം നീല നിറത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. താംബരം സ്വദേശികളാണ് ദമ്പതികള്‍. ക്വാലാലംപൂരില്‍ നിന്ന് വിമാനത്തില്‍ കയറുമ്പോള്‍ കുട്ടി കളിചിരികളുമായുണ്ടായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോയി. കുഞ്ഞിന്‍റെ മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

click me!