
ദില്ലി: 1990-കളിൽ അച്ഛൻ വാങ്ങിയ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഷെയര്‍ മകന് സമ്മാനിച്ച ഭാഗ്യം കേട്ടാൽ ആരും അമ്പരക്കും. മുപ്പത് വര്‍ഷത്തിന് ശേഷം ആ സര്‍ട്ടിഫിക്കറ്റുകൾ കണ്ടെത്തിയപ്പോൾ വെറുതെ പരിശോധിച്ചു. അതാണ് യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവത്തിലേക്ക് നയിച്ചത്. അന്ന് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഷെയറിന് ഇന്നത്തെ മൂല്യം 80 കോടി രൂപയാണ്.
ജെഎസ്ഡബ്ല്യൂ സ്റ്റീലിന്റെ ഓഹരി സർട്ടിഫിക്കറ്റുകളാണ് യുവാവ് അപ്രതീക്ഷിതമായി കണ്ടെത്തിയത്. 30 വർഷത്തോളം കൈവശം വെച്ച ഈ ഓഹരികൾ ഇന്ന് തലമുറകൾക്ക് അനുഭവിക്കാനുള്ള സമ്പത്തായി മാറി. സംഭവം സോഷ്യൽ മീഡിയയിൽ വലിയ അത്ഭുതം സൃഷ്ടിച്ചു. ദീർഘകാല നിക്ഷേപത്തിന്റെ ശക്തി എന്താണ് കാണൂ എന്നും ക്ഷമയ്ക്ക് അസാധാരണമായ നേട്ടങ്ങൾ നൽകാൻ കഴിയുമെന്നും പലരും സോഷ്യൽ മീഡിയയിൽ സംഭവത്തോട് പ്രതികരിക്കുന്നു.
നിക്ഷേപകൻ സൗരവ് ദത്ത എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് റെഡ്ഡിറ്റ് ഉപയോക്താവിന്റെ ഈ കഥ വെളിപ്പെടുത്തിയത്. 1990-ൽ തന്റെ പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ജെഎസ്ഡബ്ല്യൂ സ്റ്റീൽ ഓഹരികളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ന് ആ ഓഹരികൾക്ക് ഏകദേശം 80 കോടി രൂപ മൂല്യമുണ്ട്. ശരിയായ ഓഹരികൾ വാങ്ങി 30 വർഷത്തിനുശേഷം വിൽക്കുന്നതിന്റെ ശക്തി ഇതാണെന്നും നിക്ഷേപകൻ സൗരവ് ദത്ത കുറിച്ചു.
ഇന്ത്യയിലെ പ്രമുഖ സ്റ്റീൽ നിർമ്മാതാക്കളാണ് ജെഎസ്ഡബ്ല്യൂ സ്റ്റീൽ ലിമിറ്റഡ്. ശക്തമായ വിപണി സാന്നിധ്യവും വളരുന്ന ആഗോള സ്വാധീനവുമുള്ള കമ്പനിയാണിത്. നിലവിൽ, കമ്പനിയുടെ ഓഹരി വില ഏകദേശം 1004.90 രൂപയാണ്, വിപണി മൂലധനം 2.37 ട്രില്യൺ രൂപയോളവും. സ്റ്റീലിൻ്റെ ഓഹരികൾ വർഷങ്ങളായി ഗണ്യമായ വളർച്ച കാണിക്കുകയും ദീർഘകാല നിക്ഷേപകർക്ക് വലിയ നേട്ടങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.