
ദില്ലി: പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മറ്റൊരാള്‍ ആണെന്ന് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഭഗത് സിങ് എന്ന ഗ്രൂപ്പിൻ്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറയുന്നു. പാർലമെൻ്റിൽ എത്തുന്നതിന് മുമ്പ് പ്രതികൾ ഇന്ത്യാ ഗേറ്റിൽ ഒത്തുകൂടിയെന്നും ഇവിടെ വെച്ച് കളർ പടക്കം കൈമാറിയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. ചണ്ഡീഗഢിലെ പ്രതിഷേധത്തിനിടെയാണ് പ്രതികൾ പരസ്പരം കണ്ടുമുട്ടിയത്. പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടിൽ ഇവർ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്പെഷ്യല്‍ സെൽ വൃത്തങ്ങൾ പറയുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി ദില്ലി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
പാർലമെന്റിന്റെ 22 ആം വാർഷികദിനത്തിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്. സർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചത് എന്നാണ് പുലർച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞതായി വ്യക്തമാകുന്നത്. ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങി. കേസിൽ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പാർലമെൻ്റ് സുരക്ഷയ്ക്കുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. സംഭവത്തില്‍ ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി അടിയന്തരപ്രമേയത്തിന് നോട്ടീസും നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam