
സുറത്ത്: വിമാനത്തിന്‍റെ ശുചിമുറിയിൽ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. സുറത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുന്ന അശോക് ബിശ്വാസ് എന്ന യാത്രക്കാരനാണ് പിടിയിലായത്.
വ്യാഴാഴ്ച വിമാനം പുറപ്പെടുന്നതിന് മുൻപ് വിമാനത്തിലെ ശുചിമുറിയിൽ ഇയാൾ ബീഡി വലിക്കുകയായിരുന്നു. ഗുജറാത്തിലെ നവസാരിയിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശിയാണ് അശോക്.
എയർപോർട്ടുകളിലെ കർശനമായ സുരക്ഷാ പരിശോധനകൾക്കിടയിലും ബിശ്വാസ് ബീഡിയും തീപ്പെട്ടിയും വിമാനത്തിനുള്ളിലേക്ക് കയറ്റിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വിമാനം വൈകിയതിനാൽ പുറപ്പെടാൻ സാധിച്ചില്ല. ഈ സമയത്താണ് ശുചിമുറിയിൽ നിന്ന് പുകയുടെ ഗന്ധം വരുന്നതായി എയർ ഹോസ്റ്റസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എയർപോർട്ടിലെ സീനിയർ എക്സിക്യൂട്ടീവിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
പരിശോധനയിൽ അശോകിന്‍റെ ബാഗിൽ നിന്ന് ബീഡിയും തീപ്പെട്ടിയും കണ്ടെത്തി. തുടർന്ന് ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കി. എയർലൈൻ സംഭവം ഡുമസ് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും യാത്രക്കാരൻ അറസ്റ്റിലാവുകയുമായിരുന്നു. വിമാനം വൈകുന്നേരം 4.35-ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നം കാരണം വൈകി. ഏകദേശം 5.30-ന് എയർ ഹോസ്റ്റസ് പുകയുടെ ഗന്ധം കണ്ടെത്തുകയും സീനിയർ ഓഫീസറെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ 15എ സീറ്റിലിരുന്ന അശോകിന്‍റെ പക്കൽ നിന്ന് ബീഡിയും തിപ്പെട്ടിയും കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മറ്റ് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കിയതിന് ബിഎൻഎസിന്റെ 125-ാം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam