ബില്ലടയ്ക്കാത്തതിന്റെ പേരിൽ വയോധികനെ കെട്ടിയിട്ട സംഭവം; ആശുപത്രി അടപ്പിച്ചു, മാനേജർക്കെതിരെ കേസ്

By Web TeamFirst Published Jun 8, 2020, 5:40 PM IST
Highlights

രാജ്ഗഡ് ജില്ലയ്ക്കടുത്ത് റണേഡ ഗ്രാമത്തിലെ ലക്ഷ്മിനാരായണ ഡാംഗി എന്നയാളെയാണ് കഴിഞ്ഞ ദിവസം പണം അടയ്ക്കത്തതിന്റെ പേരിൽ കിടക്കയോട് ചേർത്ത് കെട്ടിയിട്ടത്.

ഭോപ്പാൽ: ചികിത്സയ്ക്ക് പണം അടയ്ക്കാത്തതിനെ തുടർന്ന് വയോധികന്റെ കാലും കൈയ്യും ആശുപത്രി കിടക്കയിൽ കെട്ടിയിട്ട സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. മധ്യപ്രദേശിലെ ഷാജഹാൻപൂരിലെ സ്വകാര്യ ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു. ആശുപത്രി മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഷജാപുര്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു. 

രാജ്ഗഡ് ജില്ലയ്ക്കടുത്ത് റണേഡ ഗ്രാമത്തിലെ ലക്ഷ്മിനാരായണ ഡാംഗി എന്നയാളെയാണ് കഴിഞ്ഞ ദിവസം പണം അടയ്ക്കത്തതിന്റെ പേരിൽ കിടക്കയോട് ചേർത്ത് കെട്ടിയിട്ടത്. 11000 രൂപയുടെ ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വയോധികനെ കെട്ടിയിടുകയായിരുന്നു.

സംഭവം വിവാദമായതോടെ, വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തുവന്നിരുന്നു. 'ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,'- എന്നായിരുന്നു ആശുപത്രിയിലെ ഒരു ഡോക്ടര്‍ അറിയിച്ചിരുന്നത്.

തുടർന്ന് വിഷയത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇടപെട്ടു. ആശുപത്രിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, ഇത് വാസ്തവമില്ലെന്നും രോഗിയെ തുകയൊടുക്കാതെയാണ് ആശുപത്രിയില്‍നിന്ന് വിട്ടയച്ചതെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.

Read Also:ബില്ലടയ്ക്കാൻ പണമില്ല; വയോധികന്റെ കാലും കൈയ്യും കിടക്കയിൽ കെട്ടിയിട്ട് ആശുപത്രി അധികൃതർ

click me!