ക്ഷേത്ര രഥം തകര്‍ത്ത സംഭവം; ബിജെപി നേതാക്കളോടൊപ്പം നിരാഹാരമിരുന്ന് പവന്‍ കല്യാണ്‍

By Web TeamFirst Published Sep 10, 2020, 7:33 PM IST
Highlights

ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണത്തില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമം വര്‍ധിക്കുകയാണെന്ന് പവന്‍ കല്യാണ്‍ ആരോപിച്ചു.
 

ഹൈദരാബാദ്: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലെ രഥം കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളോടൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്ത് നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ക്ഷേത്രത്തിലെ രഥമാണ് ചിലര്‍ കഴിഞ്ഞ ദിവസം കത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ജനസേനയും ധര്‍മ്മ പരിരക്ഷന്‍ ദീക്ഷ എന്ന പേരില്‍ 11 മണിക്കൂര്‍ നീണ്ട സംയുക്ത നിരാഹാരം സംഘടിപ്പിച്ചു.

രഥം കത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഹൈദരാബാദിലെ വസതിയില്‍ രാവിലെ 10 മുതലാണ് പവന്‍ കല്യാണ്‍ നിരാഹാരമനുഷ്ടിച്ചത്. ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണത്തില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമം വര്‍ധിക്കുകയാണെന്ന് പവന്‍ കല്യാണ്‍ ആരോപിച്ചു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സോമു വിരാജും സമരത്തില്‍ പങ്കെടുത്തു. കുറ്റവാളികളെ പിടികൂടും വരെ സമരം തുടരുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. അന്ദര്‍വേദി ക്ഷേത്രത്തിലെ രഥം കത്തിച്ചത് ഹിന്ദുക്കളുടെ വികാരത്തിന് മുറിവേല്‍പ്പിച്ചെന്നും നിരവധി സംഭവങ്ങള്‍ മുമ്പുമുണ്ടായെന്നും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കണ്ണ ലക്ഷ്മിനാരായണ ആരോപിച്ചു. വൈഎസ്ആര്‍ വിമത എംപിയും സമരത്തില്‍ പങ്കെടുത്തു.
 

click me!