
ദില്ലി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദയാഹർജി കൈമാറിയത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള പുതിയ തീയതി വിചാരണ കോടതി നാളെ തീരുമാനിച്ചേക്കും.
നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് ചൊവ്വാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹർജി നല്‍കിയത്. സുപ്രീംകോടതി തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയാണ് ദയാഹർജി രാഷ്ട്രപതിക്ക് മുമ്പാകെ എത്തിയത്. ഹർജിയിൽ ആദ്യം കേന്ദ്രം ദില്ലി ലഫ്റ്റനന്‍റ് ഗവർണ്ണറുടെ നിർദ്ദേശം തേടി. ഹർജി തള്ളണമെന്ന ദില്ലി സർക്കാരിന്‍റെ നിർദ്ദേശം അംഗീകരിച്ചുള്ള ശുപാർശം ആഭ്യന്തരമന്ത്രാലയം ഇന്ന് രാവിലെ രാഷ്ട്രപതിക്ക് കൈമാറി. രണ്ട് മണിക്കൂറിനുള്ളിൽ ഹർജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ തീരുമാനം പുറത്തുവന്നു.
മുകേഷ് ദയാഹർജി നല്‍കിയ സാഹചര്യത്തിൽ വധശിക്ഷ 22ന് നടപ്പാക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതിയ തീയതിക്കായി സർക്കാരും ജയിൽ അധികൃതരും വിചാരണ കോടതിയെ സമീപിക്കും. 22ന് തന്നെ ശിക്ഷ നടപ്പാക്കണം എന്നാവശ്യപ്പെട്ട നിർഭയയുടെ അമ്മ ദില്ലി സർക്കാരിനെതിരെ രംഗത്തുവന്നു. ഒരു പെൺകുട്ടിയുടെ മരണത്തിൽ ഇവർ രാഷ്ട്രീയം കളിക്കുകയാണെന്നും ഇവരുടെ പക്കൽ നിയമവും പൊലീസും ഒക്കെയുണ്ടെന്നും നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞു.
Also Read: വധശിക്ഷ തീയതി ഇനിയും നീട്ടരുത്, പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒരുപാട് പഴുതുകളുണ്ട്; നിര്‍ഭയയുടെ അമ്മ
ദയാഹർജി തള്ളിയ ശേഷം വധശിക്ഷയ്ക്ക് 14 ദിവസം സമയം നല്കണമെന്ന മുൻ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് സർക്കാർ പുതിയ തീയതിക്കായി വാദിക്കുന്നത്. മുകേഷിനു പിന്നാലെ മറ്റു പ്രതികളും ദയാഹർജി നല്‍കാൻ തീരുമാനിച്ചാൽ വധശിക്ഷ നീളും.
Also Read: നിർഭയ കേസ് പ്രതികളുടെ മരണഭയം അകറ്റാൻ ഗരുഡപുരാണവുമായി ജയിൽ പരിഷ്‌കർത്താവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam