വീണ്ടും തലപൊക്കി പെഗാസസ് വിവാദം; മോദി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

By Web TeamFirst Published Jul 20, 2021, 3:54 PM IST
Highlights

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസെസ് വിവാദം 2019 മുതലേ ചര്‍ച്ചാ വിഷയമാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം മാത്രമായി വിവാദത്തെ കണ്ട കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാഷ്ട്രീയമായി വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.
 

ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായി പെഗാസസ് വിവാദം മാറിയിരിക്കുകയാണ്. പാര്‍ലമെന്റിലും പുറത്തും സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ചോദ്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിലെ രണ്ട് മന്ത്രിമാരും പ്രതിപക്ഷ എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം വെറുതെ തള്ളിക്കളയാന്‍ സര്‍ക്കാരിനാകില്ലെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ പറയുന്നത്. 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസെസ് വിവാദം 2019 മുതലേ ചര്‍ച്ചാ വിഷയമാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം മാത്രമായി വിവാദത്തെ കണ്ട കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാഷ്ട്രീയമായി വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന പരാതി പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. പെഗാസെസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള വിവര ചോര്‍ച്ച ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ കക്ഷികളെല്ലാം അന്ന് മുന്നറിയിപ്പ് നല്‍കി. ചോര്‍ത്തപ്പെട്ട നൂറിലധികം പേരുടെ വിവരങ്ങള്‍ വാട്‌സ് ആപ്പ് കേന്ദ്രത്തിന് കൈമാറിയതോടെ വിവാദം കൊഴുത്തു. 

ആരുടെയും ഫോണ്‍ ചോര്‍ത്തുന്നില്ലെന്ന് പ്രതികരിച്ച അന്നത്തെ ഐടി മന്ത്രി  രവിശങ്കര്‍ പ്രസാദ് ചാര സോഫ്റ്റ് വെയറായ പെഗാസെസ് വില കൊടുത്തു വാങ്ങിയെന്ന ആക്ഷേപം നിഷേധിച്ചു. സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്ന എന്‍എസ്ഒക്കെതിരെ വാട്‌സ് ആപ് അമേരിക്കന്‍ കോടതിയില്‍ എത്തിയതോടെ കമ്പനികള്‍ക്കിടയിലെ തര്‍ക്കമാണിതെന്ന ന്യായീകരണം നടത്തിയും കേന്ദ്രം ഒഴിഞ്ഞുമാറി. എല്ലാം കെട്ടടങ്ങിയെന്ന് കരുതിയിടത്താണ് പുതിയ വിവാദം തലപൊക്കിയത്. മുഖം മിനുക്കിയ സര്‍ക്കാരിനെ വിവാദം വിയര്‍പ്പിച്ചേക്കാമെന്ന് മാത്രമല്ല പ്രതിപക്ഷ ഐക്യം ശക്തിപ്പെടാനുള്ള അവസരം കൂടിയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെയും ബിജെപി സമാന ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് പല സംസ്ഥാനനേതാക്കളുടെയും ഫോണ്‍ ചോര്‍ന്നതായി ബിജെപി ആക്ഷേപം ഉന്നയിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ഫോണ്‍സംഭാഷണമാണ് ചോര്‍ന്നിരുന്നത് എന്ന ആക്ഷേപമായിരുന്നങ്കില്‍ ഇപ്പോള്‍ ഫോണുകളിലെ ക്യാമറ കണ്ണുകളില്‍ പോലും ചാര സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉണ്ടാക്കാവുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!