
പുനെ: പുള്ളിപ്പുലിയുടെ ആക്രമണം പതിവായതോടെ അസാധാരണമായ സ്വയ രക്ഷാ മാർഗം കണ്ടെത്തി ഗ്രാമീണർ. കഴുത്തിന് കവചമായി ആണികൾ തറച്ച ബെൽറ്റുകൾ ധരിച്ചാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. പുനെയിലെ പിമ്പാർഖേഡ് ഗ്രാമത്തിലാണ് ജനങ്ങൾ വ്യത്യസ്തമായ ജീവൻ രക്ഷാമാർഗം അവലംബിച്ചത്.
പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് നാട്ടുകാർ വലിയ ഭീതിയിലായത്. വയലുകളിലും മറ്റും ആളുകൾ പണിയെടുക്കുന്നത് ആണികൾ തറച്ച ബെൽറ്റ് ധരിച്ചാണ്. പുരുഷന്മാരും സ്ത്രീകളുമെല്ലാം ഇങ്ങനെയാണ് പുറത്തിറങ്ങുന്നത്. പുള്ളിപ്പുലികൾ മുന്നിൽ വന്നാൽ പലപ്പോഴും കഴുത്തിലാണ് ആദ്യം പിടുത്തമിടുന്നതെന്ന് നാട്ടുകാർ പറയുന്നു.
“എത്ര നേരം വീടുകളിൽ അടച്ചിരിക്കും? വയലിൽ പോകുന്നത് നിർത്തിയാൽ എങ്ങനെ ഭക്ഷണത്തിനുള്ള വക കണ്ടെത്തും? ഞങ്ങൾക്കും ജീവിക്കണ്ടേ? ഇങ്ങനെ കഴുത്തിൽ ബെൽറ്റുമായി നടക്കേണ്ടി വരുന്നത് നാണക്കേടാണ്. പക്ഷേ ഞങ്ങൾക്ക് വേറെ മാർഗമില്ല”- എന്നാണ് നിസ്സഹായരായി ഗ്രാമീണർ പറയുന്നത്. അവർ വളർത്തുമൃഗങ്ങളെയും ഇരുമ്പ് കോളർ ധരിപ്പിച്ചിട്ടുണ്ട്.
പുനെയിലെ വിവിധ ഗ്രാമങ്ങളിൽ അടുത്ത കാലത്തായി പുള്ളിപ്പുലിയുടെ ആക്രമണം പതിവാണ്. സംസ്ഥാന സർക്കാരോ വനം വകുപ്പോ സുരക്ഷയ്ക്ക് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഗ്രാമീണരുടെ പരാതി. അതേസമയം നാല് ദിവസം മുമ്പ് നരഭോജിയായ ഒരു പുള്ളിപ്പുലിയെ വനം വകുപ്പ് വെടിവച്ചു കൊന്നു. ആദ്യം ഉദ്യോഗസ്ഥർ പുലിയെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ അത് ആക്രമിക്കാൻ ശ്രമിച്ചതോടെ വെടിവച്ച് കൊല്ലുകയായിരുന്നു. ജീവൻ നഷ്ടപ്പെട്ടതിനു ശേഷം മാത്രമേ അധികൃതർ നടപടിയെടുക്കുന്നുള്ളൂ എന്നാണ് നാട്ടുകാരുടെ പരാതി. പുലിയെ കണ്ടതോടെ വനം വകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ ക്യാമറകൾ സ്ഥാപിച്ചുള്ള നിരീക്ഷണവും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam