എസിയില്ല, പ്രത്യേക കൂടില്ല, വൃത്തിയില്ലാത്ത ലഗേജ് വാൻ, ട്രെയിനിൽ കൊണ്ടുപോയ വളർത്തുനായ ചത്തു, റെയിൽവേയ്ക്കെതിരെ ഉടമ

Published : May 31, 2026, 08:51 PM IST
Labrador

Synopsis

ഓരോ നായയ്ക്കും പ്രത്യേക കൂട്ടിലോ അതല്ലെങ്കിൽ അവയ്ക്ക് സൗകര്യപ്രദമായി ഇരിക്കാൻ കഴിയുന്ന വലിയൊരു കൂട്ടിലോ ആവും യാത്രയെന്നായിരുന്നു ഇവർക്ക് ലഭിച്ച ഉറപ്പ്.

പൂനെ: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്രയിൽ വളർത്തുനായകളെ ട്രെയിനിൽ കൊണ്ടുപോയതിന് പിന്നാലെ റെയിൽവേയ്ക്കെതിരെ യുവാവ്. റെയിൽവേയുടെ ഗുരുതര വീഴ്ചയിൽ ലാബ്രഡോർ നായകളിലൊന്ന് ചാവുകയും മൂന്നെണ്ണം അസുഖ ബാധിതർ ആവുകയും ചെയ്തതോടെയാണ് യുവാവ് പരാതിയുമായി വന്നിട്ടുള്ളത്. ലൂധിയാനയിൽ നിന്നും പൂനെയിലേക്കാണ് യുവാവ് ട്രെയിൻ മാർഗ്ഗം വളർത്തുനായകളെ കൊണ്ടുപോയത്. യാത്രയ്ക്കിടയിൽ നായ ചത്തതിന് പിന്നാലെ സംഭവത്തിൽ റെയിൽവേ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉടമ ഉയർത്തുന്നത്. തന്റെ നാല് ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട നായകളെ കൊണ്ടുപോകുന്നതിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകൾ ഉണ്ടായതായും, അതിലൊന്നാണ് ദാരുണമായി ചത്തതെന്നും ഉടമയായ ബൽബീർ സിംഗ് ആരോപിക്കുന്നത്. കൂടാതെ ചത്ത നായയുടെ ശരീരത്തോട് റെയിൽവേ ജീവനക്കാർ വളരെ ക്രൂരമായും അനാദരവോടെയുമാണ് പെരുമാറിയതെന്നും ഇയാൾ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ റെയിൽവേ അധികൃതർ നിഷേധിച്ചിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ തന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബൽബീർ സിംഗ് പൂനെയ്ക്ക് യാത്ര തിരിച്ചത്. ഝലം എക്സ്പ്രസിന്റെ ലഗേജ് വാനിലാണ് നായകളുടെ യാത്ര ബുക്ക് ചെയ്തിരുന്നത്. നായകളെ സുരക്ഷിതമായി കൊണ്ടുപോകാൻ റെയിൽവേ അധികൃതർക്ക് പുറമെ ഒരു സ്വകാര്യ ആനിമൽ ട്രാൻസ്പോർട്ടറുടെ സഹായവും ഇവർ തേടിയിരുന്നു. ഓരോ നായയ്ക്കും പ്രത്യേക കൂട്ടിലോ അതല്ലെങ്കിൽ അവയ്ക്ക് സൗകര്യപ്രദമായി ഇരിക്കാൻ കഴിയുന്ന വലിയൊരു കൂട്ടിലോ ആവും യാത്രയെന്നായിരുന്നു ഇവർക്ക് ലഭിച്ച ഉറപ്പ്. എന്നാൽ യാത്രയ്ക്കിടയിലെ ദൃശ്യങ്ങൾ പ്രകാരം വളരെ ചെറിയൊരു കൂട്ടിൽ രണ്ട് വലിയ ലാബ്രഡോറുകളെയാണ് അടച്ചിരുന്നത്. കൂടാതെ ലഗേജ് വാനിൽ എയർകണ്ടീഷണർ സൗകര്യങ്ങളോ ആവശ്യത്തിന് ശുചിത്വമോ ഉണ്ടായിരുന്നില്ലെന്നും ഉടമ ആരോപിക്കുന്നു.

യാത്ര തുടങ്ങുന്നതിന് മുൻപ് പൂർണ്ണ ആരോഗ്യവാനായിരുന്ന നായകളിൽ ഒന്ന് ഝാൻസി സ്റ്റേഷന് സമീപമെത്തിയപ്പോഴേക്കും ചാവുകയായിരുന്നു. യാത്രയ്ക്കിടയിൽ നായകളുടെ അവസ്ഥ പരിശോധിക്കാൻ ചെന്നപ്പോഴാണ് ഒരെണ്ണം ചത്ത വിവരം കുടുംബം അറിയുന്നത്. നായ ദീർഘനേരം കുരയ്ക്കുന്നുണ്ടായിരുന്നു എന്ന് പിന്നീട് റെയിൽവേ ജീവനക്കാർ പറഞ്ഞിട്ടും, അവർ തങ്ങളെ മുൻകൂട്ടി വിവരം അറിയിച്ചില്ലെന്ന് ബൽബീർ സിംഗ് കുറ്റപ്പെടുത്തുന്നത്. നായയുടെ മൃതദേഹം പൂനെയിൽ എത്തിച്ച് സംസ്കരിക്കാൻ അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിന് സമ്മതിക്കാതെ ഝാൻസി സ്റ്റേഷനിൽ വെച്ച് മൃതദേഹം പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് എറിയുകയായിരുന്നുവെന്നും ഉടമ ആരോപിക്കുന്നത്. തുടർന്ന് കുടുംബത്തിന് യാത്ര ഝാൻസിയിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

അതേസമയം റെയിൽവേ അധികൃതർ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളി. നിയമപ്രകാരം ചത്ത ഒരു മൃഗത്തെ അതേ ബുക്കിംഗിൽ തുടർന്ന് യാത്ര ചെയ്യിക്കാൻ സാധിക്കില്ലെന്ന് നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ പിആർഒ മനോജ് കുമാർ സിംഗ് വ്യക്തമാക്കി. നായയുടെ മൃതദേഹം പ്ലാറ്റ്‌ഫോമിലേക്ക് എറിഞ്ഞിട്ടില്ലെന്നും, കൃത്യമായ നടപടിക്രമങ്ങളിലൂടെ ഉടമയ്ക്ക് കൈമാറുകയാണ് ചെയ്തതെന്നും ഝാൻസി ഡിവിഷൻ പിആർഒ വിശദമാക്കുന്നത്. ലൂധിയാനയിലാണ് ബുക്കിംഗ് നടന്നതെന്നും, സംഭവത്തെക്കുറിച്ച് ഝാൻസി ഡിവിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൂനെ ഡിവിഷൻ അധികൃതരും വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഠനത്തിൽ മിടുക്കി, 12കാരിയെ കാണാതായിട്ട് 5 ദിവസം, പാതിയിലേറെയും മുതലകൾ തിന്ന നിലയിൽ മൃതദേഹം കണ്ടെത്തി, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
ഭാര്യ കിടപ്പുരോഗി, ലൈംഗികാസക്തിയും കാമവികാരങ്ങളും ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്ടുകാരൻ