പിസ ഡെലിവറി ബോയ്ക്ക് കൊവിഡ്; 72 വീടുകളിലെ താമസക്കാർ നിരീക്ഷണത്തിൽ, ആഗ്രയിൽ 65 കാരൻ മരിച്ചു

By Web TeamFirst Published Apr 16, 2020, 12:00 PM IST
Highlights
ആശുപത്രിയിൽ നിന്നാണ്  പിസ ഡെലിവറി ബോയ്ക്ക് കൊവിഡ് ബാധിച്ചതെന്നാണ് നി​ഗമനം. മുൻകരുതലിന്റെ ഭാഗമായി ഇയാൾ പിസ വിതരണം ചെയ്ത 72 വീടുകളിൽ ഉള്ളവരെ നിരീക്ഷണത്തിലാക്കി.
ദില്ലി: ദില്ലിയിൽ പിസ ഡെലിവറി ബോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാൾ പിസ വിതരണം ചെയ്ത വീടുകളിലെ താമസക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. അതേസമയം, ആഗ്രയിൽ കൊവിഡ് രോ​ഗം സ്ഥിരീകരിച്ച 65 കാരൻ മരിച്ചു. ഇതോടെ, ആഗ്രയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. യുപിയിൽ ആകെ മരണസംഖ്യ ഏഴായി.

വൃക്ക തകരാറുള്ള പിസ ഡെലിവറി ബോയ് ഡയാലിസിസ് നടത്താനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് അവസാനം വരെ മാത്രമെ ഇയാൾ പിസ ഡെലിവറി നടത്തിയിട്ടുള്ളൂ. ആശുപത്രിയിൽ നിന്ന് കൊവിഡ് ബാധിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക നി​ഗമനം. മുൻകരുതലിന്റെ ഭാഗമായാണ് ഇയാൾ പിസ വിതരണം ചെയ്ത 72 വീടുകളിൽ ഉള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിക്കുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1488 പേരാണ് രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്. 

Also Read: രാജ്യത്ത് കൊവിഡ് ബാധിതര്‍ 12000 കടന്നു; രോഗമുക്തി നേടിയത് 1488 പേര്‍, മരണം 414 ആയി

click me!